Terjemahan makna Alquran Alkarim

Terjemahan Berbahasa Malayalam - Abdul Hamid Haidar dan Konhi Muhammad

Scan the qr code to link to this page

سورة القصص

Nomor Halaman

Ayah

Tampilkan teks ayat
Tampilkan catatan kaki

Ayah : 1
طسٓمٓ
ത്വാ-സീന്‍-മീം.
Ayah : 2
تِلۡكَ ءَايَٰتُ ٱلۡكِتَٰبِ ٱلۡمُبِينِ
സ്പഷ്ടമായ വേദഗ്രന്ഥത്തിലെ വചനങ്ങളത്രെ അവ.
Ayah : 3
نَتۡلُواْ عَلَيۡكَ مِن نَّبَإِ مُوسَىٰ وَفِرۡعَوۡنَ بِٱلۡحَقِّ لِقَوۡمٖ يُؤۡمِنُونَ
വിശ്വസിക്കുന്ന ജനങ്ങള്‍ക്കു വേണ്ടി മൂസായുടെയും ഫിര്‍ഔന്‍റെയും വൃത്താന്തത്തില്‍ നിന്നും സത്യപ്രകാരം നിനക്ക് നാം ഓതികേള്‍പിക്കുന്നു.
Ayah : 4
إِنَّ فِرۡعَوۡنَ عَلَا فِي ٱلۡأَرۡضِ وَجَعَلَ أَهۡلَهَا شِيَعٗا يَسۡتَضۡعِفُ طَآئِفَةٗ مِّنۡهُمۡ يُذَبِّحُ أَبۡنَآءَهُمۡ وَيَسۡتَحۡيِۦ نِسَآءَهُمۡۚ إِنَّهُۥ كَانَ مِنَ ٱلۡمُفۡسِدِينَ
തീര്‍ച്ചയായും ഫിര്‍ഔന്‍ നാട്ടില്‍ ഔന്നത്യം നടിച്ചു. അവിടത്തുകാരെ അവന്‍ വ്യത്യസ്ത കക്ഷികളാക്കിത്തീര്‍ക്കുകയും ചെയ്തു. അവരില്‍ ഒരു വിഭാഗത്തെ ദുര്‍ബലരാക്കിയിട്ട് അവരുടെ ആണ്‍മക്കളെ അറുകൊല നടത്തുകയും അവരുടെ പെണ്‍മക്കളെ ജീവിക്കാന്‍ അനുവദിക്കുകയും ചെയ്തുകൊണ്ട്‌. തീര്‍ച്ചയായും അവന്‍ നാശകാരികളില്‍ പെട്ടവനായിരുന്നു.
Ayah : 5
وَنُرِيدُ أَن نَّمُنَّ عَلَى ٱلَّذِينَ ٱسۡتُضۡعِفُواْ فِي ٱلۡأَرۡضِ وَنَجۡعَلَهُمۡ أَئِمَّةٗ وَنَجۡعَلَهُمُ ٱلۡوَٰرِثِينَ
നാമാകട്ടെ ഭൂമിയില്‍ അടിച്ചമര്‍ത്തപ്പെട്ട ദുര്‍ബലരോട് ഔദാര്യം കാണിക്കുവാനും, അവരെ നേതാക്കളാക്കുവാനും, അവരെ (നാടിന്‍റെ) അനന്തരാവകാശികളാക്കാനുമാണ് ഉദ്ദേശിക്കുന്നത്‌.

Ayah : 6
وَنُمَكِّنَ لَهُمۡ فِي ٱلۡأَرۡضِ وَنُرِيَ فِرۡعَوۡنَ وَهَٰمَٰنَ وَجُنُودَهُمَا مِنۡهُم مَّا كَانُواْ يَحۡذَرُونَ
അവര്‍ക്ക് (ആ മര്‍ദ്ദിതര്‍ക്ക്‌) ഭൂമിയില്‍ സ്വാധീനം നല്‍കുവാനും, ഫിര്‍ഔന്നും ഹാമാന്നും അവരുടെ സൈന്യങ്ങള്‍ക്കും അവരില്‍ നിന്ന് തങ്ങള്‍ ആശങ്കിച്ചിരുന്നതെന്തോ അത് കാണിച്ചുകൊടുക്കുവാനും (നാം ഉദ്ദേശിക്കുന്നു.)
Ayah : 7
وَأَوۡحَيۡنَآ إِلَىٰٓ أُمِّ مُوسَىٰٓ أَنۡ أَرۡضِعِيهِۖ فَإِذَا خِفۡتِ عَلَيۡهِ فَأَلۡقِيهِ فِي ٱلۡيَمِّ وَلَا تَخَافِي وَلَا تَحۡزَنِيٓۖ إِنَّا رَآدُّوهُ إِلَيۡكِ وَجَاعِلُوهُ مِنَ ٱلۡمُرۡسَلِينَ
മൂസായുടെ മാതാവിന് നാം ബോധനം നല്‍കി: അവന്ന് നീ മുലകൊടുത്തു കൊള്ളുക. ഇനി അവന്‍റെ കാര്യത്തില്‍ നിനക്ക് ഭയം തോന്നുകയാണെങ്കില്‍(1) അവനെ നീ നദിയില്‍ ഇട്ടേക്കുക. നീ ഭയപ്പെടുകയും ദുഃഖിക്കുകയും വേണ്ട. തീര്‍ച്ചയായും അവനെ നാം നിന്‍റെ അടുത്തേക്ക് തിരിച്ച് കൊണ്ടുവരുന്നതും, അവനെ (നമ്മുടെ) ദൂതന്‍മാരില്‍ ഒരാളാക്കുന്നതുമാണ്‌.
1) ഇസ്രായീല്യര്‍ക്ക് ജനിക്കുന്ന ആണ്‍കുഞ്ഞുങ്ങളെ മുഴുവന്‍ കൊന്നുകളയാന്‍ ഫിര്‍ഔന്റെ ഉത്തരവുണ്ടായിരുന്നു. അതായിരുന്നു ആ മാതാവിന്റെ ഭയത്തിന് കാരണം.
Ayah : 8
فَٱلۡتَقَطَهُۥٓ ءَالُ فِرۡعَوۡنَ لِيَكُونَ لَهُمۡ عَدُوّٗا وَحَزَنًاۗ إِنَّ فِرۡعَوۡنَ وَهَٰمَٰنَ وَجُنُودَهُمَا كَانُواْ خَٰطِـِٔينَ
എന്നിട്ട് ഫിര്‍ഔന്‍റെ ആളുകള്‍ അവനെ (നദിയില്‍ നിന്ന്‌) കണ്ടെടുത്തു. അവന്‍ അവരുടെ ശത്രുവും ദുഃഖഹേതുവും ആയിരിക്കാന്‍ വേണ്ടി.(2) തീര്‍ച്ചയായും ഫിര്‍ഔനും ഹാമാനും അവരുടെ സൈന്യങ്ങളും അബദ്ധം പറ്റിയവരായിരുന്നു.
2) കുട്ടിയെ വീണ്ടെടുത്തിട്ട് അവരുടെ പരിണിതി അങ്ങനെയായിത്തീര്‍ന്നുവെന്നര്‍ത്ഥം.
Ayah : 9
وَقَالَتِ ٱمۡرَأَتُ فِرۡعَوۡنَ قُرَّتُ عَيۡنٖ لِّي وَلَكَۖ لَا تَقۡتُلُوهُ عَسَىٰٓ أَن يَنفَعَنَآ أَوۡ نَتَّخِذَهُۥ وَلَدٗا وَهُمۡ لَا يَشۡعُرُونَ
ഫിര്‍ഔന്‍റെ ഭാര്യ പറഞ്ഞു: എനിക്കും അങ്ങേക്കും കണ്ണിന് കുളിര്‍മയത്രെ (ഈ കുട്ടി.) അതിനാല്‍ ഇവനെ നിങ്ങള്‍ കൊല്ലരുത്‌. ഇവന്‍ നമുക്ക് ഉപകരിച്ചേക്കാം. അല്ലെങ്കില്‍ ഇവനെ നമുക്ക് ഒരു മകനായി സ്വീകരിക്കാം. അവര്‍ യാഥാര്‍ത്ഥ്യം ഗ്രഹിച്ചിരുന്നില്ല.
Ayah : 10
وَأَصۡبَحَ فُؤَادُ أُمِّ مُوسَىٰ فَٰرِغًاۖ إِن كَادَتۡ لَتُبۡدِي بِهِۦ لَوۡلَآ أَن رَّبَطۡنَا عَلَىٰ قَلۡبِهَا لِتَكُونَ مِنَ ٱلۡمُؤۡمِنِينَ
മൂസായുടെ മാതാവിന്‍റെ മനസ്സ് (അന്യ ചിന്തകളില്‍ നിന്ന്‌) ഒഴിവായതായിത്തീര്‍ന്നു. അവളുടെ മനസ്സിനെ നാം ഉറപ്പിച്ചു നിര്‍ത്തിയില്ലായിരുന്നുവെങ്കില്‍ അവന്‍റെ കാര്യം അവള്‍ വെളിപ്പെടുത്തിയേക്കുമായിരുന്നു. അവള്‍ സത്യവിശ്വാസികളുടെ കൂട്ടത്തിലായിരിക്കാന്‍ വേണ്ടിയത്രെ (നാം അങ്ങനെ ചെയ്തത്‌.)
Ayah : 11
وَقَالَتۡ لِأُخۡتِهِۦ قُصِّيهِۖ فَبَصُرَتۡ بِهِۦ عَن جُنُبٖ وَهُمۡ لَا يَشۡعُرُونَ
അവള്‍ അവന്‍റെ (മൂസായുടെ) സഹോദരിയോട് പറഞ്ഞു: നീ അവന്‍റെ പിന്നാലെ പോയി അന്വേഷിച്ചു നോക്കൂ. അങ്ങനെ ദൂരെ നിന്ന് അവള്‍ അവനെ നിരീക്ഷിച്ചു. അവര്‍ അതറിഞ്ഞിരുന്നില്ല.
Ayah : 12
۞ وَحَرَّمۡنَا عَلَيۡهِ ٱلۡمَرَاضِعَ مِن قَبۡلُ فَقَالَتۡ هَلۡ أَدُلُّكُمۡ عَلَىٰٓ أَهۡلِ بَيۡتٖ يَكۡفُلُونَهُۥ لَكُمۡ وَهُمۡ لَهُۥ نَٰصِحُونَ
അതിനു മുമ്പ് മുലയൂട്ടുന്ന സ്ത്രീകള്‍ അവന്ന് മുലകൊടുക്കുന്നതിന് നാം തടസ്സമുണ്ടാക്കിയിരുന്നു.(3) അപ്പോള്‍ അവള്‍ (സഹോദരി) പറഞ്ഞു: നിങ്ങള്‍ക്കുവേണ്ടി ഇവനെ സംരക്ഷിക്കുന്ന ഒരു വീട്ടുകാരെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് അറിവ് തരട്ടെയോ? അവര്‍ ഇവന്‍റെ ഗുണകാംക്ഷികളായിരിക്കുകയും ചെയ്യും.
3) മാതാവല്ലാത്ത ഏത് സ്ത്രീയുടെയും മുല കുടിക്കാന്‍ വിസമ്മതിക്കുന്ന നിലയില്‍ കുട്ടിയെ അല്ലാഹു ആക്കിത്തീര്‍ത്തുവെന്നര്‍ത്ഥം.
Ayah : 13
فَرَدَدۡنَٰهُ إِلَىٰٓ أُمِّهِۦ كَيۡ تَقَرَّ عَيۡنُهَا وَلَا تَحۡزَنَ وَلِتَعۡلَمَ أَنَّ وَعۡدَ ٱللَّهِ حَقّٞ وَلَٰكِنَّ أَكۡثَرَهُمۡ لَا يَعۡلَمُونَ
അങ്ങനെ അവന്‍റെ മാതാവിന്‍റെ കണ്ണ് കുളിര്‍ക്കുവാനും, അവള്‍ ദുഃഖിക്കാതിരിക്കുവാനും, അല്ലാഹുവിന്‍റെ വാഗ്ദാനം സത്യമാണെന്ന് അവള്‍ മനസ്സിലാക്കുവാനും വേണ്ടി അവനെ നാം അവള്‍ക്ക് തിരിച്ചേല്‍പിച്ചു. പക്ഷെ അവരില്‍ അധികപേരും (കാര്യം) മനസ്സിലാക്കുന്നില്ല.

Ayah : 14
وَلَمَّا بَلَغَ أَشُدَّهُۥ وَٱسۡتَوَىٰٓ ءَاتَيۡنَٰهُ حُكۡمٗا وَعِلۡمٗاۚ وَكَذَٰلِكَ نَجۡزِي ٱلۡمُحۡسِنِينَ
അങ്ങനെ അദ്ദേഹം (മൂസാ) ശക്തി പ്രാപിക്കുകയും, പാകത എത്തുകയും ചെയ്തപ്പോള്‍ അദ്ദേഹത്തിന് നാം വിവേകവും വിജ്ഞാനവും നല്‍കി. അപ്രകാരമാണ് സദ്‌വൃത്തര്‍ക്ക് നാം പ്രതിഫലം നല്‍കുന്നത്‌.
Ayah : 15
وَدَخَلَ ٱلۡمَدِينَةَ عَلَىٰ حِينِ غَفۡلَةٖ مِّنۡ أَهۡلِهَا فَوَجَدَ فِيهَا رَجُلَيۡنِ يَقۡتَتِلَانِ هَٰذَا مِن شِيعَتِهِۦ وَهَٰذَا مِنۡ عَدُوِّهِۦۖ فَٱسۡتَغَٰثَهُ ٱلَّذِي مِن شِيعَتِهِۦ عَلَى ٱلَّذِي مِنۡ عَدُوِّهِۦ فَوَكَزَهُۥ مُوسَىٰ فَقَضَىٰ عَلَيۡهِۖ قَالَ هَٰذَا مِنۡ عَمَلِ ٱلشَّيۡطَٰنِۖ إِنَّهُۥ عَدُوّٞ مُّضِلّٞ مُّبِينٞ
പട്ടണവാസികള്‍ അശ്രദ്ധരായിരുന്ന സമയത്ത് മൂസാ അവിടെ കടന്നു ചെന്നു.(4) അപ്പോള്‍ അവിടെ രണ്ടുപുരുഷന്‍മാര്‍ പരസ്പരം പൊരുതുന്നതായി അദ്ദേഹം കണ്ടു. ഒരാള്‍ തന്‍റെ കക്ഷിയില്‍ പെട്ടവന്‍. മറ്റൊരാള്‍ തന്‍റെ ശത്രുവിഭാഗത്തില്‍ പെട്ടവനും. അപ്പോള്‍ തന്‍റെ കക്ഷിയില്‍ പെട്ടവന്‍ തന്‍റെ ശത്രുവിഭാഗത്തില്‍ പെട്ടവന്നെതിരില്‍ അദ്ദേഹത്തോട് സഹായം തേടി. അപ്പോള്‍ മൂസാ അവനെ മുഷ്ടി ചുരുട്ടി ഇടിച്ചു. അതവന്‍റെ കഥ കഴിച്ചു. മൂസാ പറഞ്ഞു: ഇത് പിശാചിന്‍റെ പ്രവര്‍ത്തനത്തില്‍ പെട്ടതാകുന്നു. അവന്‍ വ്യക്തമായും വഴിപിഴപ്പിക്കുന്ന ശത്രു തന്നെയാകുന്നു.(5)
4) കൊട്ടാരത്തില്‍ ഉന്നത സ്ഥാനം നല്‍കപ്പെട്ടിരുന്ന മൂസാ (عليه السلام) സാധാരണ പട്ടണത്തില്‍ ഇറങ്ങി നടക്കാറുണ്ടാവില്ലെന്നുവേണം കരുതാന്‍. അതുകൊണ്ടായിരിക്കാം ആളുകള്‍ ശ്രദ്ധിക്കാത്തവിധം, അവര്‍ ഉച്ചയുറക്കത്തിലായിരിക്കുമ്പോഴോ മറ്റോ അദ്ദേഹം പട്ടണത്തില്‍ ഇറങ്ങിച്ചെന്നത്. 5) തന്റെ വര്‍ഗക്കാരന്റെ നേരെ കയ്യേറ്റം നടത്തുന്നതില്‍ നിന്ന് എതിരാളിയെ തടയണമെന്നല്ലാതെ അവനെ കൊല്ലണമെന്ന് മൂസാ(عليه السلام)ക്ക് ഉദ്ദേശമില്ലായിരുന്നു. താന്‍ ഒരു കൊലയാളിയായിത്തീര്‍ന്നതില്‍ അദ്ദേഹം ദുഃഖിതനായി.
Ayah : 16
قَالَ رَبِّ إِنِّي ظَلَمۡتُ نَفۡسِي فَٱغۡفِرۡ لِي فَغَفَرَ لَهُۥٓۚ إِنَّهُۥ هُوَ ٱلۡغَفُورُ ٱلرَّحِيمُ
അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, തീര്‍ച്ചയായും ഞാന്‍ എന്നോട് തന്നെ അന്യായം ചെയ്തിരിക്കുന്നു. അതിനാല്‍ നീ എനിക്ക് പൊറുത്തുതരേണമേ. അപ്പോള്‍ അദ്ദേഹത്തിന് അവന്‍ പൊറുത്തുകൊടുത്തു. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനും കരുണ ചൊരിയുന്നവനുമാകുന്നു.
Ayah : 17
قَالَ رَبِّ بِمَآ أَنۡعَمۡتَ عَلَيَّ فَلَنۡ أَكُونَ ظَهِيرٗا لِّلۡمُجۡرِمِينَ
അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, നീ എനിക്ക് അനുഗ്രഹം നല്‍കിയിട്ടുള്ളതു കൊണ്ട് ഇനി ഒരിക്കലും ഞാന്‍ കുറ്റവാളികള്‍ക്കു സഹായം നല്‍കുന്നവനാവുകയില്ല.
Ayah : 18
فَأَصۡبَحَ فِي ٱلۡمَدِينَةِ خَآئِفٗا يَتَرَقَّبُ فَإِذَا ٱلَّذِي ٱسۡتَنصَرَهُۥ بِٱلۡأَمۡسِ يَسۡتَصۡرِخُهُۥۚ قَالَ لَهُۥ مُوسَىٰٓ إِنَّكَ لَغَوِيّٞ مُّبِينٞ
അങ്ങനെ അദ്ദേഹം പട്ടണത്തില്‍ ഭയപ്പാടോടും കരുതലോടും കൂടി വര്‍ത്തിച്ചു. അപ്പോഴതാ തലേദിവസം തന്നോട് സഹായം തേടിയവന്‍ വീണ്ടും തന്നോട് സഹായത്തിനു മുറവിളികൂട്ടുന്നു. മൂസാ അവനോട് പറഞ്ഞു: നീ വ്യക്തമായും ഒരു ദുര്‍മാര്‍ഗി തന്നെയാകുന്നു.
Ayah : 19
فَلَمَّآ أَنۡ أَرَادَ أَن يَبۡطِشَ بِٱلَّذِي هُوَ عَدُوّٞ لَّهُمَا قَالَ يَٰمُوسَىٰٓ أَتُرِيدُ أَن تَقۡتُلَنِي كَمَا قَتَلۡتَ نَفۡسَۢا بِٱلۡأَمۡسِۖ إِن تُرِيدُ إِلَّآ أَن تَكُونَ جَبَّارٗا فِي ٱلۡأَرۡضِ وَمَا تُرِيدُ أَن تَكُونَ مِنَ ٱلۡمُصۡلِحِينَ
എന്നിട്ട് അവര്‍ ഇരുവര്‍ക്കും ശത്രുവായിട്ടുള്ളവനെ പിടികൂടാന്‍ അദ്ദേഹം ഉദ്ദേശിച്ചപ്പോള്‍(6) അവന്‍ പറഞ്ഞു:(7) ഹേ മൂസാ, ഇന്നലെ നീ ഒരാളെ കൊന്നതുപോലെ നീ എന്നെയും കൊല്ലാന്‍ ഉദ്ദേശിക്കുകയാണോ? നാട്ടില്‍ ഒരു പോക്കിരിയാകാന്‍ മാത്രമാണ് നീ ഉദ്ദേശിക്കുന്നത്‌. നന്‍മയുണ്ടാക്കുന്നവരുടെ കൂട്ടത്തിലാകാന്‍ നീ ഉദ്ദേശിക്കുന്നില്ല.
6) സഹായം തേടിയ ഇസ്രായീല്‍ വംശജനെ ഒരു ശല്യക്കാരന്‍ എന്ന നിലയ്ക്ക് മൂസാ (عليه السلام) ആക്ഷേപിച്ചുവെങ്കിലും പൊതു ശത്രുവിനെതിരില്‍ അവനെ സഹായിക്കുവാന്‍ തന്നെ അദ്ദേഹം തീരുമാനിച്ചു. 7) ഇത് പറഞ്ഞത് ഇസ്രായീല്‍കാരന്‍ തന്നെയാണെന്ന് മിക്ക വ്യാഖ്യാതാക്കളും അഭിപ്രായപ്പെട്ടിരിക്കുന്നു. മൂസാ(عليه السلام)യുടെ ആക്ഷേപം കേട്ടപ്പോള്‍ അദ്ദേഹം തന്നെത്തന്നെയാണ് പിടികൂടാന്‍ പോകുന്നതെന്ന് അവന്‍ തെറ്റിദ്ധരിച്ചതുകൊണ്ടാണ് ഇങ്ങനെ പറഞ്ഞതെന്നാണ് അവരുടെ വിശദീകരണം. തലേദിവസം കൊല നടത്തിയത് മൂസാ(عليه السلام)യാണെന്ന് ആ 'ഖ്വിബ്ത്വി'വംശജന്‍ അറിഞ്ഞിരിക്കാന്‍ സാദ്ധ്യതയില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് ഖ്വിബ്ത്വിയുടെ തന്നെ വാക്കാണെന്ന് അഭിപ്രായപ്പെട്ട ചിലരുമുണ്ട്. ഈ സംസാരത്തോടുകൂടി കൊലയാളി മൂസാ (عليه السلام) ആണെന്ന വിവരം പട്ടണത്തിലാകെ പരന്നു.
Ayah : 20
وَجَآءَ رَجُلٞ مِّنۡ أَقۡصَا ٱلۡمَدِينَةِ يَسۡعَىٰ قَالَ يَٰمُوسَىٰٓ إِنَّ ٱلۡمَلَأَ يَأۡتَمِرُونَ بِكَ لِيَقۡتُلُوكَ فَٱخۡرُجۡ إِنِّي لَكَ مِنَ ٱلنَّٰصِحِينَ
പട്ടണത്തിന്‍റെ അങ്ങേ അറ്റത്തു നിന്ന് ഒരു പുരുഷന്‍ ഓടിവന്നു.(8) അയാള്‍ പറഞ്ഞു: ഹേ; മൂസാ, താങ്കളെ കൊല്ലാന്‍ വേണ്ടി പ്രമുഖവ്യക്തികള്‍ ആലോചന നടത്തികൊണ്ടിരിക്കുന്നുണ്ട്‌. അതിനാല്‍ താങ്കള്‍ (ഈജിപ്തില്‍ നിന്ന്‌) പുറത്തു പോയിക്കൊള്ളുക. തീര്‍ച്ചയായും ഞാന്‍ താങ്കളുടെ ഗുണകാംക്ഷികളുടെ കൂട്ടത്തിലാകുന്നു.
8) മൂസാ(عليه السلام)യുടെ ഗുണകാംക്ഷിയായ ഈ വ്യക്തി 'ഖ്വിബ്ത്വി'കളുടെ കൂട്ടത്തില്‍പ്പെട്ട ആളായിരുന്നുവെന്ന് ചില വ്യാഖ്യാതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.
Ayah : 21
فَخَرَجَ مِنۡهَا خَآئِفٗا يَتَرَقَّبُۖ قَالَ رَبِّ نَجِّنِي مِنَ ٱلۡقَوۡمِ ٱلظَّٰلِمِينَ
അങ്ങനെ ഭയപ്പാടോടും കരുതലോടും കൂടി അദ്ദേഹം അവിടെ നിന്ന് പുറപ്പെട്ടു. അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, അക്രമികളായ ജനതയില്‍ നിന്ന് എന്നെ നീ രക്ഷപ്പെടുത്തേണമേ.

Ayah : 22
وَلَمَّا تَوَجَّهَ تِلۡقَآءَ مَدۡيَنَ قَالَ عَسَىٰ رَبِّيٓ أَن يَهۡدِيَنِي سَوَآءَ ٱلسَّبِيلِ
മദ്‌യന്‍റെ നേര്‍ക്ക് യാത്ര തിരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവ് ശരിയായ മാര്‍ഗത്തിലേക്ക് എന്നെ നയിച്ചേക്കാം.
Ayah : 23
وَلَمَّا وَرَدَ مَآءَ مَدۡيَنَ وَجَدَ عَلَيۡهِ أُمَّةٗ مِّنَ ٱلنَّاسِ يَسۡقُونَ وَوَجَدَ مِن دُونِهِمُ ٱمۡرَأَتَيۡنِ تَذُودَانِۖ قَالَ مَا خَطۡبُكُمَاۖ قَالَتَا لَا نَسۡقِي حَتَّىٰ يُصۡدِرَ ٱلرِّعَآءُۖ وَأَبُونَا شَيۡخٞ كَبِيرٞ
മദ്‌യനിലെ ജലാശയത്തിങ്കല്‍ അദ്ദേഹം ചെന്നെത്തിയപ്പോള്‍ ആടുകള്‍ക്ക് വെള്ളം കൊടുത്തുകൊണ്ടിരിക്കുന്ന ഒരു കൂട്ടം ആളുകളെ അതിന്നടുത്ത് അദ്ദേഹം കണ്ടെത്തി. അവരുടെ ഇപ്പുറത്തായി (തങ്ങളുടെ ആട്ടിന്‍ പറ്റത്തെ) തടഞ്ഞു നിര്‍ത്തിക്കൊണ്ടിരിക്കുന്ന രണ്ട് സ്ത്രീകളെയും അദ്ദേഹം കണ്ടു. അദ്ദേഹം ചോദിച്ചു: എന്താണ് നിങ്ങളുടെ പ്രശ്നം? അവര്‍ പറഞ്ഞു: ഇടയന്‍മാര്‍ (ആടുകള്‍ക്ക് വെള്ളം കൊടുത്ത്‌) തിരിച്ചു കൊണ്ടു പോകുന്നത് വരെ ഞങ്ങള്‍ക്ക് വെള്ളം കൊടുക്കാനാവില്ല. ഞങ്ങളുടെ പിതാവാകട്ടെ വലിയൊരു വൃദ്ധനുമാണ്‌.
Ayah : 24
فَسَقَىٰ لَهُمَا ثُمَّ تَوَلَّىٰٓ إِلَى ٱلظِّلِّ فَقَالَ رَبِّ إِنِّي لِمَآ أَنزَلۡتَ إِلَيَّ مِنۡ خَيۡرٖ فَقِيرٞ
അങ്ങനെ അവര്‍ക്കു വേണ്ടി അദ്ദേഹം (അവരുടെ കാലികള്‍ക്ക്‌) വെള്ളം കൊടുത്തു. പിന്നീടദ്ദേഹം തണലിലേക്ക് മാറിയിരുന്നിട്ട് ഇപ്രകാരം പ്രാര്‍ത്ഥിച്ചു: എന്‍റെ രക്ഷിതാവേ, നീ എനിക്ക് ഇറക്കിത്തരുന്ന ഏതൊരു നന്‍മയ്ക്കും ഞാന്‍ ആവശ്യക്കാരനാകുന്നു.
Ayah : 25
فَجَآءَتۡهُ إِحۡدَىٰهُمَا تَمۡشِي عَلَى ٱسۡتِحۡيَآءٖ قَالَتۡ إِنَّ أَبِي يَدۡعُوكَ لِيَجۡزِيَكَ أَجۡرَ مَا سَقَيۡتَ لَنَاۚ فَلَمَّا جَآءَهُۥ وَقَصَّ عَلَيۡهِ ٱلۡقَصَصَ قَالَ لَا تَخَفۡۖ نَجَوۡتَ مِنَ ٱلۡقَوۡمِ ٱلظَّٰلِمِينَ
അപ്പോള്‍ ആ രണ്ട് സ്ത്രീകളില്‍ ഒരാള്‍ നാണിച്ചു കൊണ്ട് അദ്ദേഹത്തിന്‍റെ അടുത്ത് നടന്നു ചെന്നിട്ട് പറഞ്ഞു: താങ്കള്‍ ഞങ്ങള്‍ക്കു വേണ്ടി (ആടുകള്‍ക്ക്‌) വെള്ളം കൊടുത്തതിനുള്ള പ്രതിഫലം താങ്കള്‍ക്കു നല്‍കുവാനായി എന്‍റെ പിതാവ്(9) താങ്കളെ വിളിക്കുന്നു. അങ്ങനെ മൂസാ അദ്ദേഹത്തിന്‍റെ അടുത്ത് ചെന്നിട്ട് തന്‍റെ കഥ അദ്ദേഹത്തിന് വിവരിച്ചുകൊടുത്തപ്പോള്‍ അദ്ദേഹം പറഞ്ഞു: ഭയപ്പെടേണ്ട. അക്രമികളായ ആ ജനതയില്‍നിന്ന് നീ രക്ഷപ്പെട്ടിരിക്കുന്നു.
9) ആ സ്ത്രീകളുടെ പിതാവ് ശുഐബ് നബി(عليه السلام)യായിരുന്നുവെന്ന് ചില വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
Ayah : 26
قَالَتۡ إِحۡدَىٰهُمَا يَٰٓأَبَتِ ٱسۡتَـٔۡجِرۡهُۖ إِنَّ خَيۡرَ مَنِ ٱسۡتَـٔۡجَرۡتَ ٱلۡقَوِيُّ ٱلۡأَمِينُ
ആ രണ്ടു സ്ത്രീകളിലൊരാള്‍ പറഞ്ഞു: എന്‍റെ പിതാവേ, ഇദ്ദേഹത്തെ താങ്കള്‍ കൂലിക്കാരനായി നിര്‍ത്തുക. തീര്‍ച്ചയായും താങ്കള്‍ കൂലിക്കാരായി എടുക്കുന്നവരില്‍ ഏറ്റവും ഉത്തമന്‍ ശക്തനും വിശ്വസ്തനുമായിട്ടുള്ളവനത്രെ.
Ayah : 27
قَالَ إِنِّيٓ أُرِيدُ أَنۡ أُنكِحَكَ إِحۡدَى ٱبۡنَتَيَّ هَٰتَيۡنِ عَلَىٰٓ أَن تَأۡجُرَنِي ثَمَٰنِيَ حِجَجٖۖ فَإِنۡ أَتۡمَمۡتَ عَشۡرٗا فَمِنۡ عِندِكَۖ وَمَآ أُرِيدُ أَنۡ أَشُقَّ عَلَيۡكَۚ سَتَجِدُنِيٓ إِن شَآءَ ٱللَّهُ مِنَ ٱلصَّٰلِحِينَ
അദ്ദേഹം (പിതാവ്‌) പറഞ്ഞു: നീ എട്ടു വര്‍ഷം എനിക്ക് കൂലിവേല ചെയ്യണം എന്ന വ്യവസ്ഥയില്‍ എന്‍റെ ഈ രണ്ടു പെണ്‍മക്കളില്‍ ഒരാളെ നിനക്ക് വിവാഹം ചെയ്തു തരാന്‍ ഞാന്‍ ഉദ്ദേശിക്കുന്നു. ഇനി പത്തുവര്‍ഷം നീ പൂര്‍ത്തിയാക്കുകയാണെങ്കില്‍ അത് നിന്‍റെ ഇഷ്ടം. നിനക്ക് പ്രയാസമുണ്ടാക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം നല്ല നിലയില്‍ വര്‍ത്തിക്കുന്നവരില്‍ ഒരാളായി നിനക്ക് എന്നെ കാണാം.
Ayah : 28
قَالَ ذَٰلِكَ بَيۡنِي وَبَيۡنَكَۖ أَيَّمَا ٱلۡأَجَلَيۡنِ قَضَيۡتُ فَلَا عُدۡوَٰنَ عَلَيَّۖ وَٱللَّهُ عَلَىٰ مَا نَقُولُ وَكِيلٞ
അദ്ദേഹം (മൂസാ) പറഞ്ഞു; ഞാനും താങ്കളും തമ്മിലുള്ള നിശ്ചയം അതു തന്നെ. ഈ രണ്ട് അവധികളില്‍ ഏത് ഞാന്‍ നിറവേറ്റിയാലും എന്നോട് വിരോധമുണ്ടാകരുത്‌. നാം പറയുന്നതിന് അല്ലാഹു സാക്ഷിയാകുന്നു.

Ayah : 29
۞ فَلَمَّا قَضَىٰ مُوسَى ٱلۡأَجَلَ وَسَارَ بِأَهۡلِهِۦٓ ءَانَسَ مِن جَانِبِ ٱلطُّورِ نَارٗاۖ قَالَ لِأَهۡلِهِ ٱمۡكُثُوٓاْ إِنِّيٓ ءَانَسۡتُ نَارٗا لَّعَلِّيٓ ءَاتِيكُم مِّنۡهَا بِخَبَرٍ أَوۡ جَذۡوَةٖ مِّنَ ٱلنَّارِ لَعَلَّكُمۡ تَصۡطَلُونَ
അങ്ങനെ മൂസാ ആ അവധി നിറവേറ്റുകയും, തന്‍റെ കുടുംബവും കൊണ്ട് യാത്രപോകുകയും ചെയ്തപ്പോള്‍ പര്‍വ്വതത്തിന്‍റെ ഭാഗത്ത് നിന്ന് അദ്ദേഹം ഒരു തീ കണ്ടു. അദ്ദേഹം തന്‍റെ കുടുംബത്തോട് പറഞ്ഞു: നിങ്ങള്‍ നില്‍ക്കൂ. ഞാനൊരു തീ കണ്ടിരിക്കുന്നു. അവിടെ നിന്ന് വല്ല വിവരമോ, അല്ലെങ്കില്‍ ഒരു തീക്കൊള്ളിയോ ഞാന്‍ നിങ്ങള്‍ക്ക് കൊണ്ടുവന്ന് തന്നേക്കാം. നിങ്ങള്‍ക്ക് തീ കായാമല്ലോ?
Ayah : 30
فَلَمَّآ أَتَىٰهَا نُودِيَ مِن شَٰطِيِٕ ٱلۡوَادِ ٱلۡأَيۡمَنِ فِي ٱلۡبُقۡعَةِ ٱلۡمُبَٰرَكَةِ مِنَ ٱلشَّجَرَةِ أَن يَٰمُوسَىٰٓ إِنِّيٓ أَنَا ٱللَّهُ رَبُّ ٱلۡعَٰلَمِينَ
അങ്ങനെ അദ്ദേഹം അതിന്നടുത്ത് ചെന്നപ്പോള്‍ അനുഗൃഹീതമായ പ്രദേശത്തുള്ള താഴ്‌വരയുടെ വലതുഭാഗത്ത് നിന്ന്‌, ഒരു വൃക്ഷത്തില്‍ നിന്ന് അദ്ദേഹത്തോട് വിളിച്ചുപറയപ്പെട്ടു: ഹേ; മൂസാ, തീര്‍ച്ചയായും ഞാനാകുന്നു ലോകരക്ഷിതാവായ അല്ലാഹു.
Ayah : 31
وَأَنۡ أَلۡقِ عَصَاكَۚ فَلَمَّا رَءَاهَا تَهۡتَزُّ كَأَنَّهَا جَآنّٞ وَلَّىٰ مُدۡبِرٗا وَلَمۡ يُعَقِّبۡۚ يَٰمُوسَىٰٓ أَقۡبِلۡ وَلَا تَخَفۡۖ إِنَّكَ مِنَ ٱلۡأٓمِنِينَ
നീ നിന്‍റെ വടി താഴെയിടൂ! എന്നിട്ടത് ഒരു സര്‍പ്പമെന്നോണം പിടയുന്നത് കണ്ടപ്പോള്‍ അദ്ദേഹം പിന്നോക്കം തിരിഞ്ഞോടി. അദ്ദേഹം തിരിഞ്ഞു നോക്കിയത് പോലുമില്ല. (അല്ലാഹു പറഞ്ഞു:) മൂസാ! നീ മുന്നോട്ട് വരിക. പേടിക്കേണ്ട. തീര്‍ച്ചയായും നീ സുരക്ഷിതരുടെ കൂട്ടത്തിലാകുന്നു.
Ayah : 32
ٱسۡلُكۡ يَدَكَ فِي جَيۡبِكَ تَخۡرُجۡ بَيۡضَآءَ مِنۡ غَيۡرِ سُوٓءٖ وَٱضۡمُمۡ إِلَيۡكَ جَنَاحَكَ مِنَ ٱلرَّهۡبِۖ فَذَٰنِكَ بُرۡهَٰنَانِ مِن رَّبِّكَ إِلَىٰ فِرۡعَوۡنَ وَمَلَإِيْهِۦٓۚ إِنَّهُمۡ كَانُواْ قَوۡمٗا فَٰسِقِينَ
നീ നിന്‍റെ കൈ കുപ്പായമാറിലേക്ക് പ്രവേശിപ്പിക്കുക. യാതൊരു കെടുതിയും കൂടാതെ വെളുത്തതായി അതുപുറത്ത് വരുന്നതാണ്‌. ഭയത്തില്‍ നിന്ന് മോചനത്തിനായ് നിന്‍റെ പാര്‍ശ്വഭാഗം നീ ശരീരത്തിലേക്ക് ചേര്‍ത്ത് പിടിക്കുകയും ചെയ്യുക.(10) അങ്ങനെ അത് രണ്ടും(11) ഫിര്‍ഔന്‍റെയും, അവന്‍റെ പ്രമുഖന്‍മാരുടെയും അടുത്തേക്ക് നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള രണ്ടു തെളിവുകളാകുന്നു. തീര്‍ച്ചയായും അവര്‍ ധിക്കാരികളായ ഒരു ജനതയായിരിക്കുന്നു.
10) കൈ വെളുത്തതായി കാണുമ്പോള്‍ ആശങ്ക തോന്നുന്നുവെങ്കില്‍ കുപ്പായമാറിലൂടെ കൈ കക്ഷത്തേക്ക് ചേര്‍ത്തു പിടിക്കുക. കൈ പൂര്‍വ്വനില പ്രാപിച്ചു കൊള്ളും എന്നാണ് ഈ വചനത്തിന്റെ വിവക്ഷയെന്നാണ് ചില വ്യാഖ്യാതാക്കളുടെ പക്ഷം. എന്തിനെപറ്റി ഭയം തോന്നിയാലും കൈകള്‍ കക്ഷത്തേക്ക് ചേര്‍ത്തുപിടിക്കാനുള്ള പൊതുനിര്‍ദ്ദേശമാണ് ഈ വചനത്തില്‍ അടങ്ങിയിട്ടുള്ളതെന്നാണ് മറ്റു ചിലരുടെ അഭിപ്രായം. 11) വെളുത്ത് തിളങ്ങുന്ന കയ്യും, പാമ്പായി മാറുന്ന വടിയും.
Ayah : 33
قَالَ رَبِّ إِنِّي قَتَلۡتُ مِنۡهُمۡ نَفۡسٗا فَأَخَافُ أَن يَقۡتُلُونِ
അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, അവരുടെ കൂട്ടത്തില്‍ ഒരാളെ ഞാന്‍ കൊന്നുപോയിട്ടുണ്ട്‌. അതിനാല്‍ അവര്‍ എന്നെ കൊല്ലുമെന്ന് ഞാന്‍ ഭയപ്പെടുന്നു.
Ayah : 34
وَأَخِي هَٰرُونُ هُوَ أَفۡصَحُ مِنِّي لِسَانٗا فَأَرۡسِلۡهُ مَعِيَ رِدۡءٗا يُصَدِّقُنِيٓۖ إِنِّيٓ أَخَافُ أَن يُكَذِّبُونِ
എന്‍റെ സഹോദരന്‍ ഹാറൂന്‍ എന്നെക്കാള്‍ വ്യക്തമായി സംസാരിക്കാന്‍ കഴിവുള്ളവനാകുന്നു. അതു കൊണ്ട് എന്നോടൊപ്പം എന്‍റെ സത്യത സ്ഥാപിക്കുന്ന ഒരു സഹായിയായി കൊണ്ട് അവനെ നീ നിയോഗിക്കേണമേ. അവര്‍ എന്നെ നിഷേധിച്ചുകളയുമെന്ന് തീര്‍ച്ചയായും ഞാന്‍ ഭയപ്പെടുന്നു.
Ayah : 35
قَالَ سَنَشُدُّ عَضُدَكَ بِأَخِيكَ وَنَجۡعَلُ لَكُمَا سُلۡطَٰنٗا فَلَا يَصِلُونَ إِلَيۡكُمَا بِـَٔايَٰتِنَآۚ أَنتُمَا وَمَنِ ٱتَّبَعَكُمَا ٱلۡغَٰلِبُونَ
അവന്‍ (അല്ലാഹു) പറഞ്ഞു: നിന്‍റെ സഹോദരന്‍ മുഖേന നിന്‍റെ കൈക്ക് നാം ബലം നല്‍കുകയും, നിങ്ങള്‍ക്ക് ഇരുവര്‍ക്കും നാം ഒരു ആധികാരിക ശക്തി നല്‍കുകയും ചെയ്യുന്നതാണ്‌. അതിനാല്‍ അവര്‍ നിങ്ങളുടെ അടുത്ത് എത്തുകയില്ല. നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിമിത്തം നിങ്ങളും നിങ്ങളെ പിന്തുടരുന്നവരും തന്നെയായിരിക്കും വിജയികള്‍.

Ayah : 36
فَلَمَّا جَآءَهُم مُّوسَىٰ بِـَٔايَٰتِنَا بَيِّنَٰتٖ قَالُواْ مَا هَٰذَآ إِلَّا سِحۡرٞ مُّفۡتَرٗى وَمَا سَمِعۡنَا بِهَٰذَا فِيٓ ءَابَآئِنَا ٱلۡأَوَّلِينَ
അങ്ങനെ നമ്മുടെ വ്യക്തമായ ദൃഷ്ടാന്തങ്ങളും കൊണ്ട് മൂസാ അവരുടെ അടുത്ത് ചെന്നപ്പോള്‍ അവര്‍ പറഞ്ഞു: ഇത് വ്യാജനിര്‍മിതമായ ഒരു ജാലവിദ്യയല്ലാതെ മറ്റൊന്നുമല്ല. നമ്മുടെ പൂര്‍വ്വ പിതാക്കളില്‍ ഇങ്ങനെ ഒരു കാര്യത്തെപ്പറ്റി നാം കേട്ടിട്ടുമില്ല.
Ayah : 37
وَقَالَ مُوسَىٰ رَبِّيٓ أَعۡلَمُ بِمَن جَآءَ بِٱلۡهُدَىٰ مِنۡ عِندِهِۦ وَمَن تَكُونُ لَهُۥ عَٰقِبَةُ ٱلدَّارِۚ إِنَّهُۥ لَا يُفۡلِحُ ٱلظَّٰلِمُونَ
മൂസാ പറഞ്ഞു: തന്‍റെ പക്കല്‍ നിന്ന് സന്‍മാര്‍ഗവും കൊണ്ട് വന്നിട്ടുള്ളവനാരെന്നും, ഈ ലോകത്തിന്‍റെ പര്യവസാനം ആര്‍ക്ക് അനുകൂലമായിരിക്കുമെന്നും എന്‍റെ രക്ഷിതാവിന് നല്ലപോലെ അറിയാം. അക്രമികള്‍ വിജയം പ്രാപിക്കുകയില്ല; തീര്‍ച്ച.
Ayah : 38
وَقَالَ فِرۡعَوۡنُ يَٰٓأَيُّهَا ٱلۡمَلَأُ مَا عَلِمۡتُ لَكُم مِّنۡ إِلَٰهٍ غَيۡرِي فَأَوۡقِدۡ لِي يَٰهَٰمَٰنُ عَلَى ٱلطِّينِ فَٱجۡعَل لِّي صَرۡحٗا لَّعَلِّيٓ أَطَّلِعُ إِلَىٰٓ إِلَٰهِ مُوسَىٰ وَإِنِّي لَأَظُنُّهُۥ مِنَ ٱلۡكَٰذِبِينَ
ഫിര്‍ഔന്‍ പറഞ്ഞു: പ്രമുഖന്‍മാരെ, ഞാനല്ലാതെ യാതൊരു ദൈവവും നിങ്ങള്‍ക്കുള്ളതായി ഞാന്‍ അറിഞ്ഞിട്ടില്ല. അതുകൊണ്ട് ഹാമാനേ,(12) എനിക്കു വേണ്ടി കളിമണ്ണുകൊണ്ട് (ഇഷ്ടിക) ചുട്ടെടുക്കുക. എന്നിട്ട് എനിക്ക് നീ ഒരു ഉന്നത സൗധം ഉണ്ടാക്കിത്തരിക. മൂസായുടെ ആരാധ്യനിലേക്ക് എനിക്കൊന്നു എത്തിനോക്കാമല്ലോ. തീര്‍ച്ചയായും അവന്‍ വ്യാജം പറയുന്നവരുടെ കൂട്ടത്തിലാണെന്നാണ് ഞാന്‍ വിചാരിക്കുന്നത്‌.
12) ഫിര്‍ഔന്റെ മന്ത്രിയത്രെ ഹാമാന്‍.
Ayah : 39
وَٱسۡتَكۡبَرَ هُوَ وَجُنُودُهُۥ فِي ٱلۡأَرۡضِ بِغَيۡرِ ٱلۡحَقِّ وَظَنُّوٓاْ أَنَّهُمۡ إِلَيۡنَا لَا يُرۡجَعُونَ
അവനും അവന്‍റെ സൈന്യങ്ങളും ഭൂമിയില്‍ അന്യായമായി അഹങ്കരിക്കുകയും, നമ്മുടെ അടുക്കലേക്ക് അവര്‍ മടക്കപ്പെടുകയില്ലെന്ന് അവര്‍ വിചാരിക്കുകയും ചെയ്തു.
Ayah : 40
فَأَخَذۡنَٰهُ وَجُنُودَهُۥ فَنَبَذۡنَٰهُمۡ فِي ٱلۡيَمِّۖ فَٱنظُرۡ كَيۡفَ كَانَ عَٰقِبَةُ ٱلظَّٰلِمِينَ
അതിനാല്‍ അവനെയും അവന്‍റെ സൈന്യങ്ങളെയും നാം പിടികൂടി കടലില്‍ എറിഞ്ഞു കളഞ്ഞു. അപ്പോള്‍ ആ അക്രമികളുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന് നോക്കൂ.
Ayah : 41
وَجَعَلۡنَٰهُمۡ أَئِمَّةٗ يَدۡعُونَ إِلَى ٱلنَّارِۖ وَيَوۡمَ ٱلۡقِيَٰمَةِ لَا يُنصَرُونَ
അവരെ നാം നരകത്തിലേക്ക് ക്ഷണിക്കുന്ന നേതാക്കന്‍മാരാക്കി. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവര്‍ക്കൊരു സഹായവും നല്‍കപ്പെടുന്നതല്ല.
Ayah : 42
وَأَتۡبَعۡنَٰهُمۡ فِي هَٰذِهِ ٱلدُّنۡيَا لَعۡنَةٗۖ وَيَوۡمَ ٱلۡقِيَٰمَةِ هُم مِّنَ ٱلۡمَقۡبُوحِينَ
ഈ ഐഹികജീവിതത്തില്‍ അവരുടെ പിന്നാലെ നാം ശാപം അയക്കുകയും ചെയ്തു. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവര്‍ വെറുക്കപ്പെട്ടവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യും.
Ayah : 43
وَلَقَدۡ ءَاتَيۡنَا مُوسَى ٱلۡكِتَٰبَ مِنۢ بَعۡدِ مَآ أَهۡلَكۡنَا ٱلۡقُرُونَ ٱلۡأُولَىٰ بَصَآئِرَ لِلنَّاسِ وَهُدٗى وَرَحۡمَةٗ لَّعَلَّهُمۡ يَتَذَكَّرُونَ
പൂര്‍വ്വതലമുറകളെ നാം നശിപ്പിച്ചതിന് ശേഷം, ജനങ്ങള്‍ക്കു ഉള്‍കാഴ്ച നല്‍കുന്ന തെളിവുകളും മാര്‍ഗദര്‍ശനവും കാരുണ്യവുമായിക്കൊണ്ട് മൂസായ്ക്ക് നാം വേദഗ്രന്ഥം നല്‍കുകയുണ്ടായി. അവര്‍ ചിന്തിച്ചു ഗ്രഹിക്കാൻ വേണ്ടി.

Ayah : 44
وَمَا كُنتَ بِجَانِبِ ٱلۡغَرۡبِيِّ إِذۡ قَضَيۡنَآ إِلَىٰ مُوسَى ٱلۡأَمۡرَ وَمَا كُنتَ مِنَ ٱلشَّٰهِدِينَ
(നബിയേ,) മൂസായ്ക്ക് നാം കല്‍പന ഏല്‍പിച്ചു കൊടുത്ത സമയത്ത് ആ പടിഞ്ഞാറെ മലയുടെ പാര്‍ശ്വത്തില്‍ നീ ഉണ്ടായിരുന്നില്ല. (ആ സംഭവത്തിന്‌) സാക്ഷ്യം വഹിച്ചവരുടെ കൂട്ടത്തില്‍ നീ ഉണ്ടായിരുന്നതുമില്ല.
Ayah : 45
وَلَٰكِنَّآ أَنشَأۡنَا قُرُونٗا فَتَطَاوَلَ عَلَيۡهِمُ ٱلۡعُمُرُۚ وَمَا كُنتَ ثَاوِيٗا فِيٓ أَهۡلِ مَدۡيَنَ تَتۡلُواْ عَلَيۡهِمۡ ءَايَٰتِنَا وَلَٰكِنَّا كُنَّا مُرۡسِلِينَ
പക്ഷെ നാം (പിന്നീട്‌) പല തലമുറകളെയും വളര്‍ത്തിയെടുത്തു. അങ്ങനെ അവരിലൂടെ യുഗങ്ങള്‍ ദീര്‍ഘിച്ചു. മദ്‌യൻകാര്‍ക്ക് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ ഓതികേള്‍പിച്ചു കൊടുത്തു കൊണ്ട് നീ അവര്‍ക്കിടയില്‍ താമസിച്ചിരുന്നില്ല.(13) പക്ഷെ നാം ദൂതന്‍മാരെ നിയോഗിക്കുന്നവനായിരിക്കുന്നു.
13) ശുഐബ് നബി(عليه السلام)യുടെ കാലത്ത് ജീവിച്ചിട്ടില്ലാത്ത, മദ്‌യന്‍കാര്‍ക്കിടയില്‍ താമസിച്ചിട്ടില്ലാത്ത മുഹമ്മദ് നബി(ﷺ) മദ്‌യനിലെ ചരിത്രസംഭവങ്ങള്‍ ശരിയായി ഉദ്ധരിക്കുന്നുവെങ്കില്‍ അദ്ദേഹത്തിന് അല്ലാഹുവിന്റെ സന്ദേശം ലഭിക്കുന്നുവെന്നതിന് തെളിവായി അതു തന്നെ മതി. 'നീ(മക്കക്കാര്‍ക്ക്) നമ്മുടെ ദൃഷ്ടാന്തങ്ങള്‍ വായിച്ചുകേള്‍പ്പിക്കവെ മദ്‌യന്‍കാര്‍ക്കിടയില്‍ നീ താമസിക്കാറുമുണ്ടായിരുന്നില്ല' എന്നാണ് ചില വ്യാഖ്യാതാക്കള്‍ അര്‍ത്ഥം നല്കിയിട്ടുള്ളത്.
Ayah : 46
وَمَا كُنتَ بِجَانِبِ ٱلطُّورِ إِذۡ نَادَيۡنَا وَلَٰكِن رَّحۡمَةٗ مِّن رَّبِّكَ لِتُنذِرَ قَوۡمٗا مَّآ أَتَىٰهُم مِّن نَّذِيرٖ مِّن قَبۡلِكَ لَعَلَّهُمۡ يَتَذَكَّرُونَ
നാം (മൂസായെ) വിളിച്ച സമയത്ത് ആ പര്‍വ്വതത്തിന്‍റെ പാര്‍ശ്വത്തില്‍ നീ ഉണ്ടായിരുന്നുമില്ല. പക്ഷെ, നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള കാരുണ്യത്താല്‍ (ഇതെല്ലാം അറിയിച്ച് തരികയാകുന്നു.) നിനക്ക് മുമ്പ് ഒരു താക്കീതുകാരനും വന്നിട്ടില്ലാത്ത ഒരു ജനതയ്ക്ക്(14) നീ താക്കീത് നല്‍കുവാന്‍ വേണ്ടിയത്രെ ഇത്‌. അവര്‍ ആലോചിച്ച് മനസ്സിലാക്കിയേക്കാം.
14) ഭൂരിപക്ഷം വ്യാഖ്യാതാക്കള്‍ അംഗീകരിച്ച അര്‍ത്ഥമാണ് പരിഭാഷയില്‍ നല്‍കിയിട്ടുള്ളത്. ഇതനുസരിച്ച്, മുമ്പൊരു താക്കീതുകാരനും നിയോഗിക്കപ്പെട്ടിട്ടില്ലാത്ത അറബ് ജനതയ്ക്ക് താക്കീത് നല്‍കുവാനാണ് മുഹമ്മദ് നബി (ﷺ) നിയോഗിക്കപ്പെട്ടതെന്ന് സാരം. 'മുമ്പ് അവര്‍ക്ക് താക്കീത് ലഭിച്ചിട്ടുള്ള കാര്യത്തെപ്പറ്റി നീ അവര്‍ക്ക് താക്കീത് നല്കുവാന്‍ വേണ്ടി' എന്നാണ് ചിലര്‍ അര്‍ത്ഥം നല്‍കിയിട്ടുള്ളത്. 'മാ' എന്ന പദം രണ്ടര്‍ത്ഥത്തില്‍ പ്രയോഗിക്കാറുള്ളതാണ് വ്യാഖ്യാനഭേദത്തിന് കാരണം.
Ayah : 47
وَلَوۡلَآ أَن تُصِيبَهُم مُّصِيبَةُۢ بِمَا قَدَّمَتۡ أَيۡدِيهِمۡ فَيَقُولُواْ رَبَّنَا لَوۡلَآ أَرۡسَلۡتَ إِلَيۡنَا رَسُولٗا فَنَتَّبِعَ ءَايَٰتِكَ وَنَكُونَ مِنَ ٱلۡمُؤۡمِنِينَ
തങ്ങളുടെ കൈകള്‍ മുന്‍കൂട്ടിചെയ്തു വെച്ചതിന്‍റെ ഫലമായി അവര്‍ക്കു വല്ല വിപത്തും നേരിടുകയും അപ്പോള്‍ ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ അടുത്തേക്ക് നിനക്ക് ഒരു ദൂതനെ അയച്ചുകൂടായിരുന്നോ, എങ്കില്‍ ഞങ്ങള്‍ നിന്‍റെ തെളിവുകള്‍ പിന്തുടരുകയും, ഞങ്ങള്‍ സത്യവിശ്വാസികളുടെ കൂട്ടത്തിലാവുകയും ചെയ്തേനെ എന്ന് അവര്‍ പറയുകയും ചെയ്യില്ലായിരുന്നുവെങ്കില്‍.(15)
15) ശരിയായ വിശ്വാസാചാരങ്ങളെപറ്റി അറിവ് നല്‍കാന്‍ ആരും വരാതിരുന്നതുകൊണ്ടാണ് സത്യവിശ്വാസികളും സച്ചരിതരും ആകാന്‍ കഴിയാതെ ഞങ്ങള്‍ ശിക്ഷാര്‍ഹരായിത്തീര്‍ന്നതെന്ന് ന്യായം പറയാൻ നബിയുടെ നിയോഗത്തിനു ശേഷം ഒരാൾക്കും സാധ്യമല്ല.
Ayah : 48
فَلَمَّا جَآءَهُمُ ٱلۡحَقُّ مِنۡ عِندِنَا قَالُواْ لَوۡلَآ أُوتِيَ مِثۡلَ مَآ أُوتِيَ مُوسَىٰٓۚ أَوَلَمۡ يَكۡفُرُواْ بِمَآ أُوتِيَ مُوسَىٰ مِن قَبۡلُۖ قَالُواْ سِحۡرَانِ تَظَٰهَرَا وَقَالُوٓاْ إِنَّا بِكُلّٖ كَٰفِرُونَ
എന്നാല്‍ നമ്മുടെ പക്കല്‍ നിന്നുള്ള സത്യം (മുഹമ്മദ് നബി മുഖേന) അവര്‍ക്ക് വന്നെത്തിയപ്പോള്‍ അവര്‍ പറയുകയാണ്‌; മൂസായ്ക്ക് നല്‍കപ്പെട്ടത് പോലെയുള്ള ദൃഷ്ടാന്തങ്ങള്‍ ഇവന്ന് നല്‍കപ്പെടാത്തത് എന്താണ് എന്ന്‌. എന്നാല്‍ മുമ്പ് മൂസായ്ക്ക് നല്‍കപ്പെട്ടതില്‍ അവര്‍ അവിശ്വസിക്കുകയുണ്ടായില്ലേ? അവര്‍ പറഞ്ഞു: പരസ്പരം പിന്തുണ നല്‍കിയ രണ്ടു ജാലവിദ്യകളാണിവ. ഞങ്ങള്‍ ഇതൊക്കെ അവിശ്വസിക്കുന്നവരാണ് എന്നും അവര്‍ പറഞ്ഞു.
Ayah : 49
قُلۡ فَأۡتُواْ بِكِتَٰبٖ مِّنۡ عِندِ ٱللَّهِ هُوَ أَهۡدَىٰ مِنۡهُمَآ أَتَّبِعۡهُ إِن كُنتُمۡ صَٰدِقِينَ
(നബിയേ,) പറയുക: എന്നാല്‍ അവ രണ്ടിനെക്കാളും നേര്‍വഴി കാണിക്കുന്നതായ ഒരു ഗ്രന്ഥം അല്ലാഹുവിന്‍റെ പക്കല്‍ നിന്ന് നിങ്ങള്‍ കൊണ്ടുവരൂ; ഞാനത് പിന്‍പറ്റിക്കൊള്ളാം. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍.
Ayah : 50
فَإِن لَّمۡ يَسۡتَجِيبُواْ لَكَ فَٱعۡلَمۡ أَنَّمَا يَتَّبِعُونَ أَهۡوَآءَهُمۡۚ وَمَنۡ أَضَلُّ مِمَّنِ ٱتَّبَعَ هَوَىٰهُ بِغَيۡرِ هُدٗى مِّنَ ٱللَّهِۚ إِنَّ ٱللَّهَ لَا يَهۡدِي ٱلۡقَوۡمَ ٱلظَّٰلِمِينَ
ഇനി നിനക്ക് അവര്‍ ഉത്തരം നല്‍കിയില്ലെങ്കില്‍ തങ്ങളുടെ തന്നിഷ്ടങ്ങളെ മാത്രമാണ് അവര്‍ പിന്തുടരുന്നത് എന്ന് നീ അറിഞ്ഞേക്കുക. അല്ലാഹുവിങ്കല്‍ നിന്നുള്ള യാതൊരു മാര്‍ഗദര്‍ശനവും കൂടാതെ തന്നിഷ്ടത്തെ പിന്തുടര്‍ന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്‌? അല്ലാഹു അക്രമികളായ ജനങ്ങളെ നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.

Ayah : 51
۞ وَلَقَدۡ وَصَّلۡنَا لَهُمُ ٱلۡقَوۡلَ لَعَلَّهُمۡ يَتَذَكَّرُونَ
അവര്‍ ആലോചിച്ചു മനസ്സിലാക്കേണ്ടതിന്നായി വചനം അവര്‍ക്ക് നാം നിരന്തരമായി എത്തിച്ചുകൊടുത്തിട്ടുണ്ട്‌.(16)
16) വിശുദ്ധ ഖുര്‍ആന്റെ അവതരണം ആരംഭിച്ചതു മുതല്‍ വചനങ്ങള്‍ ക്രമപ്രവൃദ്ധമായി അവതരിപ്പിക്കപ്പെട്ടുകൊണ്ടേയിരുന്നു. വിവിധ ഭാഗങ്ങളുടെ അവതരണത്തിനിടയ്ക്ക് വളരെ നീണ്ട ഇടവേളകളുണ്ടായിരുന്നില്ല.
Ayah : 52
ٱلَّذِينَ ءَاتَيۡنَٰهُمُ ٱلۡكِتَٰبَ مِن قَبۡلِهِۦ هُم بِهِۦ يُؤۡمِنُونَ
ഇതിന് മുമ്പ് നാം ആര്‍ക്ക് വേദഗ്രന്ഥം നല്‍കിയോ അവര്‍ ഇതില്‍ വിശ്വസിക്കുന്നു.
Ayah : 53
وَإِذَا يُتۡلَىٰ عَلَيۡهِمۡ قَالُوٓاْ ءَامَنَّا بِهِۦٓ إِنَّهُ ٱلۡحَقُّ مِن رَّبِّنَآ إِنَّا كُنَّا مِن قَبۡلِهِۦ مُسۡلِمِينَ
ഇതവര്‍ക്ക് ഓതികേള്‍പിക്കപ്പെടുമ്പോള്‍ അവര്‍ പറയും: ഞങ്ങള്‍ ഇതില്‍ വിശ്വസിച്ചിരിക്കുന്നു. തീര്‍ച്ചയായും ഇത് ഞങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യമാകുന്നു. ഇതിനു മുമ്പു തന്നെ തീര്‍ച്ചയായും ഞങ്ങള്‍ കീഴ്പെടുന്നവരായിരിക്കുന്നു.
Ayah : 54
أُوْلَٰٓئِكَ يُؤۡتَوۡنَ أَجۡرَهُم مَّرَّتَيۡنِ بِمَا صَبَرُواْ وَيَدۡرَءُونَ بِٱلۡحَسَنَةِ ٱلسَّيِّئَةَ وَمِمَّا رَزَقۡنَٰهُمۡ يُنفِقُونَ
അത്തരക്കാര്‍ക്ക് അവര്‍ ക്ഷമിച്ചതിന്‍റെ ഫലമായി അവരുടെ പ്രതിഫലം രണ്ടുമടങ്ങായി നല്‍കപ്പെടുന്നതാണ്‌. അവര്‍ നന്മ കൊണ്ട് തിന്മയെ തടുക്കുകയും, നാം അവര്‍ക്ക് നല്‍കിയിട്ടുള്ളതില്‍ നിന്ന് ചെലവഴിക്കുകയും ചെയ്യും.
Ayah : 55
وَإِذَا سَمِعُواْ ٱللَّغۡوَ أَعۡرَضُواْ عَنۡهُ وَقَالُواْ لَنَآ أَعۡمَٰلُنَا وَلَكُمۡ أَعۡمَٰلُكُمۡ سَلَٰمٌ عَلَيۡكُمۡ لَا نَبۡتَغِي ٱلۡجَٰهِلِينَ
വ്യര്‍ത്ഥമായ വാക്കുകള്‍ അവര്‍ കേട്ടാല്‍ അതില്‍ നിന്നവര്‍ തിരിഞ്ഞുകളയുകയും ഇപ്രകാരം പറയുകയും ചെയ്യും: ഞങ്ങള്‍ക്കുള്ളത് ഞങ്ങളുടെ കര്‍മ്മങ്ങളാണ്‌. നിങ്ങള്‍ക്കുള്ളത് നിങ്ങളുടെ കര്‍മ്മങ്ങളും. നിങ്ങള്‍ക്കു സലാം. മൂഢന്‍മാരെ ഞങ്ങള്‍ക്ക് ആവശ്യമില്ല.
Ayah : 56
إِنَّكَ لَا تَهۡدِي مَنۡ أَحۡبَبۡتَ وَلَٰكِنَّ ٱللَّهَ يَهۡدِي مَن يَشَآءُۚ وَهُوَ أَعۡلَمُ بِٱلۡمُهۡتَدِينَ
തീര്‍ച്ചയായും നിനക്ക് ഇഷ്ടപ്പെട്ടവരെ നിനക്ക് നേര്‍വഴിയിലാക്കാനാവില്ല. പക്ഷെ, അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു. സന്‍മാര്‍ഗം പ്രാപിക്കുന്നവരെപ്പറ്റി അവന്‍ (അല്ലാഹു) നല്ലവണ്ണം അറിയുന്നവനാകുന്നു.(17)
17) ചെറുപ്പം മുതല്‍ നബി(ﷺ)യെ സഹായിച്ചുപോന്ന പിതൃവ്യന്‍ അബൂത്വാലിബ് സത്യവിശ്വാസിയായിക്കാണാന്‍ നബി(ﷺ)ക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. അബൂത്വാലിബിന് മരണം ആസന്നമായ സമയത്ത് പോലും നബി(ﷺ) അയാളോട് സത്യവിശ്വാസം പ്രഖ്യാപിക്കാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ടിരുന്നു. പക്ഷെ, ബഹുദൈവത്വത്തെ തള്ളിപ്പറയാന്‍ അയാള്‍ വൈമനസ്യം പ്രകടിപ്പിക്കുകയും, അവിശ്വാസിയായിക്കൊണ്ട് തന്നെ മരിക്കുകയുമാണുണ്ടായത്. ഈ സന്ദര്‍ഭത്തിലാണ് ഈ വചനം അവതരിച്ചത്.
Ayah : 57
وَقَالُوٓاْ إِن نَّتَّبِعِ ٱلۡهُدَىٰ مَعَكَ نُتَخَطَّفۡ مِنۡ أَرۡضِنَآۚ أَوَلَمۡ نُمَكِّن لَّهُمۡ حَرَمًا ءَامِنٗا يُجۡبَىٰٓ إِلَيۡهِ ثَمَرَٰتُ كُلِّ شَيۡءٖ رِّزۡقٗا مِّن لَّدُنَّا وَلَٰكِنَّ أَكۡثَرَهُمۡ لَا يَعۡلَمُونَ
നിന്നോടൊപ്പം ഞങ്ങള്‍ സന്മാര്‍ഗം പിന്തുടരുന്ന പക്ഷം ഞങ്ങളുടെ നാട്ടില്‍ നിന്ന് ഞങ്ങള്‍ എടുത്തെറിയപ്പെടും എന്ന് അവര്‍ പറഞ്ഞു.(18) നിര്‍ഭയമായ ഒരു പവിത്രസങ്കേതം നാം അവര്‍ക്ക് അധീനപ്പെടുത്തികൊടുത്തിട്ടില്ലേ? എല്ലാ വസ്തുക്കളുടെയും ഫലങ്ങള്‍ അവിടേക്ക് ശേഖരിച്ച് കൊണ്ടു വരപ്പെടുന്നു. നമ്മുടെ പക്കല്‍ നിന്നുള്ള ഉപജീവനമത്രെ അത്‌. പക്ഷെ അവരില്‍ അധികപേരും (കാര്യം) മനസ്സിലാക്കുന്നില്ല.(19)
18) ഇസ്‌ലാം സ്വാധീനം നേടിയാല്‍ മക്കയില്‍ ഖുറൈശികള്‍ക്കുള്ള ആധിപത്യം നഷ്ടപ്പെടുമെന്ന് അവരില്‍ ചിലര്‍ക്ക് ആശങ്കയുണ്ടായിരുന്നു. 19) മക്കാനിവാസികള്‍ അനുഭവിക്കുന്ന എല്ലാ സൗഭാഗ്യങ്ങളും അല്ലാഹു കനിഞ്ഞരുളിയതാണ്. അവനില്‍ വിശ്വാസമര്‍പ്പിക്കുകയും, അവനോട് നന്ദി കാണിക്കുകയും ചെയ്യുന്നപക്ഷം അവന്‍ കൂടുതല്‍ അനുഗ്രഹങ്ങള്‍ നല്‍കുകയാണ് ചെയ്യുക. പക്ഷെ, അല്ലാഹുവിന്റെ നടപടിക്രമം മനസ്സിലാക്കാതെ അവര്‍ അനാവശ്യമായ ആശങ്ക വെച്ചു പുലര്‍ത്തുകയാണ്.
Ayah : 58
وَكَمۡ أَهۡلَكۡنَا مِن قَرۡيَةِۭ بَطِرَتۡ مَعِيشَتَهَاۖ فَتِلۡكَ مَسَٰكِنُهُمۡ لَمۡ تُسۡكَن مِّنۢ بَعۡدِهِمۡ إِلَّا قَلِيلٗاۖ وَكُنَّا نَحۡنُ ٱلۡوَٰرِثِينَ
സ്വന്തം ജീവിതസുഖത്തില്‍ മതിമറന്ന് അഹങ്കരിച്ച എത്ര രാജ്യങ്ങള്‍ നാം നശിപ്പിച്ചിട്ടുണ്ട്‌! അവരുടെ വാസസ്ഥലങ്ങളതാ, അവര്‍ക്കു ശേഷം അപൂര്‍വ്വമായല്ലാതെ അവിടെ ജനവാസമുണ്ടായിട്ടില്ല. നാം തന്നെയായി (അവയുടെ) അവകാശി.
Ayah : 59
وَمَا كَانَ رَبُّكَ مُهۡلِكَ ٱلۡقُرَىٰ حَتَّىٰ يَبۡعَثَ فِيٓ أُمِّهَا رَسُولٗا يَتۡلُواْ عَلَيۡهِمۡ ءَايَٰتِنَاۚ وَمَا كُنَّا مُهۡلِكِي ٱلۡقُرَىٰٓ إِلَّا وَأَهۡلُهَا ظَٰلِمُونَ
രാജ്യങ്ങളുടെ കേന്ദ്രത്തില്‍ നമ്മുടെ ദൃഷ്ടാന്തങ്ങള്‍ ജനങ്ങള്‍ക്ക് ഓതികേള്‍പിക്കുന്ന ഒരു ദൂതനെ അയക്കുന്നത് വരേക്കും നിന്‍റെ രക്ഷിതാവ് ആ രാജ്യങ്ങളെ നശിപ്പിക്കുന്നവനല്ല. രാജ്യക്കാര്‍ അക്രമികളായിരിക്കുമ്പോഴല്ലാതെ നാം രാജ്യങ്ങളെ നശിപ്പിക്കുന്നതുമല്ല.

Ayah : 60
وَمَآ أُوتِيتُم مِّن شَيۡءٖ فَمَتَٰعُ ٱلۡحَيَوٰةِ ٱلدُّنۡيَا وَزِينَتُهَاۚ وَمَا عِندَ ٱللَّهِ خَيۡرٞ وَأَبۡقَىٰٓۚ أَفَلَا تَعۡقِلُونَ
നിങ്ങള്‍ക്ക് വല്ല വസ്തുവും നല്‍കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ഐഹികജീവിതത്തിന്‍റെ സുഖഭോഗവും, അതിന്‍റെ അലങ്കാരവും മാത്രമാകുന്നു. അല്ലാഹുവിങ്കലുള്ളത് കൂടുതല്‍ ഉത്തമവും നിലനില്‍ക്കുന്നതുമത്രെ. എന്നിരിക്കെ നിങ്ങള്‍ ചിന്തിച്ച് മനസ്സിലാക്കുന്നില്ലേ?
Ayah : 61
أَفَمَن وَعَدۡنَٰهُ وَعۡدًا حَسَنٗا فَهُوَ لَٰقِيهِ كَمَن مَّتَّعۡنَٰهُ مَتَٰعَ ٱلۡحَيَوٰةِ ٱلدُّنۡيَا ثُمَّ هُوَ يَوۡمَ ٱلۡقِيَٰمَةِ مِنَ ٱلۡمُحۡضَرِينَ
അപ്പോള്‍ നാം ഏതൊരുവന് നല്ലൊരു വാഗ്ദാനം നല്‍കുകയും എന്നിട്ട് അവന്‍ അത് (നിറവേറിയതായി) കണ്ടെത്തുകയും ചെയ്തുവോ അവന്‍ ഐഹികജീവിതത്തിന്‍റെ സുഖാനുഭവം നാം അനുഭവിപ്പിക്കുകയും, പിന്നീട് ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ (ശിക്ഷയ്ക്ക്‌) ഹാജരാക്കപ്പെടുന്നവരുടെ കൂട്ടത്തിലാവുകയും ചെയ്തവനെപ്പോലെയാണോ?(20)
20) പരലോക പ്രതിഫലത്തെപറ്റിയുള്ള അല്ലാഹുവിന്റെ വാഗ്ദാനത്തില്‍ വിശ്വാസമര്‍പ്പിച്ചവന്ന് അനന്തമായ ശിക്ഷയില്‍നിന്ന് മോചനം നേടാം. ഇഹലോകത്തും തൃപ്തികരമായ ജീവിതം നയിക്കാം. ഭൗതികസുഖത്തില്‍ മതിമറന്ന് അവിശ്വാസവും അധര്‍മ്മവും കൈക്കൊണ്ടവന് അതുപോലൊരു അവസ്ഥ ഒരിക്കലും കൈവരില്ല.
Ayah : 62
وَيَوۡمَ يُنَادِيهِمۡ فَيَقُولُ أَيۡنَ شُرَكَآءِيَ ٱلَّذِينَ كُنتُمۡ تَزۡعُمُونَ
അവന്‍ (അല്ലാഹു) അവരെ വിളിക്കുകയും, എന്‍റെ പങ്കുകാര്‍ എന്ന് നിങ്ങള്‍ ജല്‍പിച്ചിരുന്നവര്‍ എവിടെ? എന്ന് ചോദിക്കുകയും ചെയ്യുന്ന ദിവസം (ശ്രദ്ധേയമത്രെ.)
Ayah : 63
قَالَ ٱلَّذِينَ حَقَّ عَلَيۡهِمُ ٱلۡقَوۡلُ رَبَّنَا هَٰٓؤُلَآءِ ٱلَّذِينَ أَغۡوَيۡنَآ أَغۡوَيۡنَٰهُمۡ كَمَا غَوَيۡنَاۖ تَبَرَّأۡنَآ إِلَيۡكَۖ مَا كَانُوٓاْ إِيَّانَا يَعۡبُدُونَ
(ശിക്ഷയെപ്പറ്റിയുള്ള) വാക്ക് ആരുടെ മേല്‍ സ്ഥിരപ്പെട്ടിരിക്കുന്നുവോ അവര്‍ (അന്ന്‌) ഇപ്രകാരം പറയുന്നതാണ്‌: ഞങ്ങളുടെ രക്ഷിതാവേ, ഇവരെയാണ് ഞങ്ങള്‍ വഴിപിഴപ്പിച്ചത്‌. ഞങ്ങള്‍ വഴിപിഴച്ചത് പോലെ അവരെയും ഞങ്ങൾ വഴിപിഴപ്പിച്ചതാണ്‌. ഞങ്ങള്‍ നിന്‍റെ മുമ്പാകെ ഉത്തരവാദിത്തം ഒഴിഞ്ഞിരിക്കുന്നു. ഞങ്ങളെയല്ല അവര്‍ ആരാധിച്ചിരുന്നത്‌.(21)
21) പല ദൈവസങ്കല്‍പങ്ങളും പൂജാസമ്പ്രദായങ്ങളും ജനങ്ങള്‍ക്ക് സുന്ദരമായി തോന്നിക്കുകയാണ് അവര്‍ ചെയ്തിരുന്നത്. തങ്ങളെ ആരാധിക്കാന്‍ അവര്‍ ആവശ്യപ്പെട്ടിരുന്നില്ല. അവര്‍ ആരാധിക്കപ്പെട്ടിരുന്നുമില്ല.
Ayah : 64
وَقِيلَ ٱدۡعُواْ شُرَكَآءَكُمۡ فَدَعَوۡهُمۡ فَلَمۡ يَسۡتَجِيبُواْ لَهُمۡ وَرَأَوُاْ ٱلۡعَذَابَۚ لَوۡ أَنَّهُمۡ كَانُواْ يَهۡتَدُونَ
നിങ്ങള്‍ നിങ്ങളുടെ പങ്കാളികളെ വിളിക്കൂ എന്ന് (ബഹുദൈവവാദികളോട്‌) പറയപ്പെടും. അപ്പോള്‍ ഇവര്‍ അവരെ വിളിക്കും. എന്നാല്‍ അവര്‍ (പങ്കാളികള്‍) ഇവര്‍ക്കു ഉത്തരം നല്‍കുന്നതല്ല. ശിക്ഷ ഇവര്‍ നേരില്‍ കാണുകയും ചെയ്യും. ഇവര്‍ സന്‍മാര്‍ഗം പ്രാപിച്ചിരുന്നെങ്കില്‍.
Ayah : 65
وَيَوۡمَ يُنَادِيهِمۡ فَيَقُولُ مَاذَآ أَجَبۡتُمُ ٱلۡمُرۡسَلِينَ
അവന്‍ (അല്ലാഹു) അവരെ വിളിക്കുകയും, (അല്ലാഹുവിന്റെ) ദൂതന്‍മാര്‍ക്ക് എന്ത് ഉത്തരമാണ് നിങ്ങള്‍ നല്‍കിയത് എന്ന് ചോദിക്കുകയും ചെയ്യുന്ന ദിവസം (ശ്രദ്ധേയമാകുന്നു.)
Ayah : 66
فَعَمِيَتۡ عَلَيۡهِمُ ٱلۡأَنۢبَآءُ يَوۡمَئِذٖ فَهُمۡ لَا يَتَسَآءَلُونَ
അന്നത്തെ ദിവസം വര്‍ത്തമാനങ്ങള്‍ അവര്‍ക്ക് അവ്യക്തമായിത്തീരുന്നതാണ്‌. അപ്പോള്‍ അവര്‍ അന്യോന്യം ചോദിച്ചറിയുകയില്ല.
Ayah : 67
فَأَمَّا مَن تَابَ وَءَامَنَ وَعَمِلَ صَٰلِحٗا فَعَسَىٰٓ أَن يَكُونَ مِنَ ٱلۡمُفۡلِحِينَ
എന്നാല്‍ ഖേദിച്ചുമടങ്ങുകയും വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തവനാരോ, അവന്‍ വിജയികളുടെ കൂട്ടത്തിലായേക്കാം.
Ayah : 68
وَرَبُّكَ يَخۡلُقُ مَا يَشَآءُ وَيَخۡتَارُۗ مَا كَانَ لَهُمُ ٱلۡخِيَرَةُۚ سُبۡحَٰنَ ٱللَّهِ وَتَعَٰلَىٰ عَمَّا يُشۡرِكُونَ
നിന്‍റെ രക്ഷിതാവ് താന്‍ ഉദ്ദേശിക്കുന്നത് സൃഷ്ടിക്കുകയും, (ഇഷ്ടമുള്ളത്‌) തെരഞ്ഞെടുക്കുകയും ചെയ്യുന്നു. അവര്‍ക്ക് തെരഞ്ഞെടുക്കുവാന്‍ അര്‍ഹതയില്ല. അല്ലാഹു എത്രയോ പരിശുദ്ധനും, അവര്‍ പങ്കുചേര്‍ക്കുന്നതിൽ നിന്നെല്ലാം ഉന്നതനുമായിരിക്കുന്നു.
Ayah : 69
وَرَبُّكَ يَعۡلَمُ مَا تُكِنُّ صُدُورُهُمۡ وَمَا يُعۡلِنُونَ
അവരുടെ മനസ്സുകള്‍ ഒളിച്ചുവെക്കുന്നതും അവര്‍ പരസ്യമാക്കുന്നതും നിന്‍റെ രക്ഷിതാവ് അറിയുന്നു.
Ayah : 70
وَهُوَ ٱللَّهُ لَآ إِلَٰهَ إِلَّا هُوَۖ لَهُ ٱلۡحَمۡدُ فِي ٱلۡأُولَىٰ وَٱلۡأٓخِرَةِۖ وَلَهُ ٱلۡحُكۡمُ وَإِلَيۡهِ تُرۡجَعُونَ
അവനത്രെ അല്ലാഹു. അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. ഈ ലോകത്തും പരലോകത്തും അവന്നാകുന്നു സ്തുതി. അവന്നാണ് വിധികര്‍ത്തൃത്വവും. അവങ്കലേക്ക് തന്നെ നിങ്ങള്‍ മടക്കപ്പെടുന്നതുമാണ്‌.

Ayah : 71
قُلۡ أَرَءَيۡتُمۡ إِن جَعَلَ ٱللَّهُ عَلَيۡكُمُ ٱلَّيۡلَ سَرۡمَدًا إِلَىٰ يَوۡمِ ٱلۡقِيَٰمَةِ مَنۡ إِلَٰهٌ غَيۡرُ ٱللَّهِ يَأۡتِيكُم بِضِيَآءٍۚ أَفَلَا تَسۡمَعُونَ
(നബിയേ,) പറയുക: നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെ അല്ലാഹു നിങ്ങളുടെ മേല്‍ രാത്രിയെ ശാശ്വതമാക്കിത്തീര്‍ത്തിരുന്നെങ്കില്‍ അല്ലാഹു അല്ലാത്ത ഏതൊരു ഇലാഹാണ് നിങ്ങള്‍ക്ക് വെളിച്ചം കൊണ്ടു വന്നുതരിക? എന്നിരിക്കെ നിങ്ങള്‍ കേട്ടുമനസ്സിലാക്കുന്നില്ലേ?
Ayah : 72
قُلۡ أَرَءَيۡتُمۡ إِن جَعَلَ ٱللَّهُ عَلَيۡكُمُ ٱلنَّهَارَ سَرۡمَدًا إِلَىٰ يَوۡمِ ٱلۡقِيَٰمَةِ مَنۡ إِلَٰهٌ غَيۡرُ ٱللَّهِ يَأۡتِيكُم بِلَيۡلٖ تَسۡكُنُونَ فِيهِۚ أَفَلَا تُبۡصِرُونَ
പറയുക: നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെ അല്ലാഹു നിങ്ങളുടെ മേല്‍ പകലിനെ ശാശ്വതമാക്കിയിരുന്നുവെങ്കില്‍ അല്ലാഹുവല്ലാത്ത ഏതൊരു ഇലാഹാണ് നിങ്ങള്‍ക്ക് വിശ്രമിക്കുവാന്‍ ഒരു രാത്രി കൊണ്ടുവന്നു തരിക? എന്നിരിക്കെ നിങ്ങള്‍ കണ്ടുമനസ്സിലാക്കുന്നില്ലേ?
Ayah : 73
وَمِن رَّحۡمَتِهِۦ جَعَلَ لَكُمُ ٱلَّيۡلَ وَٱلنَّهَارَ لِتَسۡكُنُواْ فِيهِ وَلِتَبۡتَغُواْ مِن فَضۡلِهِۦ وَلَعَلَّكُمۡ تَشۡكُرُونَ
അവന്‍റെ കാരുണ്യത്താല്‍ അവന്‍ നിങ്ങള്‍ക്ക് രാവും പകലും ഉണ്ടാക്കിതന്നിരിക്കുന്നു, അതിൽ (രാത്രിയില്‍) നിങ്ങള്‍ വിശ്രമിക്കുവാനും (പകല്‍ സമയത്ത്‌) അവന്‍റെ അനുഗ്രഹത്തില്‍ നിന്ന് നിങ്ങള്‍ തേടുവാനും, നിങ്ങള്‍ നന്ദികാണിക്കുവാനും വേണ്ടി.
Ayah : 74
وَيَوۡمَ يُنَادِيهِمۡ فَيَقُولُ أَيۡنَ شُرَكَآءِيَ ٱلَّذِينَ كُنتُمۡ تَزۡعُمُونَ
അവന്‍ (അല്ലാഹു) അവരെ വിളിക്കുകയും എന്‍റെ പങ്കാളികളെന്ന് നിങ്ങള്‍ ജല്‍പിച്ചു കൊണ്ടിരുന്നവര്‍ എവിടെ? എന്ന് ചോദിക്കുകയും ചെയ്യുന്ന ദിവസം (ശ്രദ്ധേയമാകുന്നു.)
Ayah : 75
وَنَزَعۡنَا مِن كُلِّ أُمَّةٖ شَهِيدٗا فَقُلۡنَا هَاتُواْ بُرۡهَٰنَكُمۡ فَعَلِمُوٓاْ أَنَّ ٱلۡحَقَّ لِلَّهِ وَضَلَّ عَنۡهُم مَّا كَانُواْ يَفۡتَرُونَ
ഓരോ സമുദായത്തില്‍ നിന്നും ഓരോ സാക്ഷിയെ(22) (അന്ന്‌) നാം പുറത്ത് കൊണ്ടുവരുന്നതാണ്‌. എന്നിട്ട് (ആ സമുദായങ്ങളോട്‌) നിങ്ങളുടെ തെളിവ് നിങ്ങള്‍ കൊണ്ടുവരൂ എന്ന് നാം പറയും. ന്യായം അല്ലാഹുവിനാണുള്ളതെന്ന് അപ്പോള്‍ അവര്‍ മനസ്സിലാക്കും. അവര്‍ കെട്ടിച്ചമച്ചു കൊണ്ടിരുന്നതെല്ലാം അവരെ വിട്ടുമാറിപ്പോകുകയും ചെയ്യും.
22) അല്ലാഹു ഓരോ സമുദായത്തിലേക്കും നിയോഗിച്ച പ്രവാചകന്മാരെ അവര്‍ക്കെതിരില്‍ സാക്ഷികളായിട്ട് പരലോകത്ത് അവന്‍ കൊണ്ടുവരുന്നതാണ്.
Ayah : 76
۞ إِنَّ قَٰرُونَ كَانَ مِن قَوۡمِ مُوسَىٰ فَبَغَىٰ عَلَيۡهِمۡۖ وَءَاتَيۡنَٰهُ مِنَ ٱلۡكُنُوزِ مَآ إِنَّ مَفَاتِحَهُۥ لَتَنُوٓأُ بِٱلۡعُصۡبَةِ أُوْلِي ٱلۡقُوَّةِ إِذۡ قَالَ لَهُۥ قَوۡمُهُۥ لَا تَفۡرَحۡۖ إِنَّ ٱللَّهَ لَا يُحِبُّ ٱلۡفَرِحِينَ
തീര്‍ച്ചയായും ഖാറൂന്‍ മൂസായുടെ ജനതയില്‍ പെട്ടവനായിരുന്നു.(23) എന്നിട്ട് അവന്‍ അവരുടെ നേരെ അതിക്രമം കാണിച്ചു. തന്‍റെ ഖജനാവുകള്‍(24) ശക്തന്‍മാരായ ഒരു സംഘത്തിനുപോലും ഭാരമാകാന്‍ തക്കവണ്ണമുള്ള നിക്ഷേപങ്ങള്‍ നാം അവന് നല്‍കിയിരുന്നു. അവനോട് അവന്‍റെ ജനത ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമത്രെ:) നീ പുളകം കൊള്ളേണ്ട. പുളകം കൊള്ളുന്നവരെ അല്ലാഹു തീര്‍ച്ചയായും ഇഷ്ടപ്പെടുകയില്ല.
23) ഖാറൂന്‍ ഇസ്രായീല്യരില്‍ പെട്ടവനായിരുന്നു. മൂസാനബി(عليه السلام)യുടെ പിതൃവ്യപുത്രനായിരുന്നുവെന്ന് ചില വ്യാഖ്യാതാക്കള്‍ പറഞ്ഞിട്ടുണ്ട്. 24) 'മഫാതിഹ്' എന്ന പദത്തിന് ഖജനാവുകള്‍ എന്നും, താക്കോലുകള്‍ എന്നും അര്‍ത്ഥമാക്കാവുന്നതാണ്.
Ayah : 77
وَٱبۡتَغِ فِيمَآ ءَاتَىٰكَ ٱللَّهُ ٱلدَّارَ ٱلۡأٓخِرَةَۖ وَلَا تَنسَ نَصِيبَكَ مِنَ ٱلدُّنۡيَاۖ وَأَحۡسِن كَمَآ أَحۡسَنَ ٱللَّهُ إِلَيۡكَۖ وَلَا تَبۡغِ ٱلۡفَسَادَ فِي ٱلۡأَرۡضِۖ إِنَّ ٱللَّهَ لَا يُحِبُّ ٱلۡمُفۡسِدِينَ
അല്ലാഹു നിനക്ക് നല്‍കിയിട്ടുള്ളതിലൂടെ നീ പരലോകഭവനം തേടുക. ഐഹികജീവിതത്തില്‍ നിന്ന് നിനക്കുള്ള ഓഹരി നീ വിസ്മരിക്കുകയും വേണ്ട.(25) അല്ലാഹു നിനക്ക് നന്‍മ ചെയ്തത് പോലെ നീയും നന്‍മചെയ്യുക. നീ നാട്ടില്‍ കുഴപ്പത്തിന് മുതിരരുത്‌. കുഴപ്പമുണ്ടാക്കുന്നവരെ അല്ലാഹു തീര്‍ച്ചയായും ഇഷ്ടപ്പെടുന്നതല്ല.
25) ഇതിന് രണ്ട് വിധത്തില്‍ വിശദീകരണം നല്‍കപ്പെട്ടിട്ടുണ്ട്. ഒന്ന്, ഐഹികനേട്ടങ്ങളില്‍ നിന്ന് നിനക്ക് അനുവദനീയമായ ഒരു വിഹിതമുണ്ട്. അത് നീ വിസ്മരിക്കേണ്ടതില്ല. രണ്ട്, ഐഹികനേട്ടങ്ങളെല്ലാം നശ്വരമാണ്, നഷ്ടപ്പെടാനുള്ളതാണ്. എന്നാല്‍ അതില്‍ നിന്ന് നിനക്ക് ശാശ്വതമായി അവകാശപ്പെട്ട ഒരു വിഹിതം നേടിയെടുക്കാവുന്നതാണ്. അത് നിന്റെ ദാനധര്‍മ്മങ്ങളുടെയും സൽക്കര്‍മ്മങ്ങളുടെയും ഫലമത്രെ. അത് നീ വിസ്മരിക്കരുത്.

Ayah : 78
قَالَ إِنَّمَآ أُوتِيتُهُۥ عَلَىٰ عِلۡمٍ عِندِيٓۚ أَوَلَمۡ يَعۡلَمۡ أَنَّ ٱللَّهَ قَدۡ أَهۡلَكَ مِن قَبۡلِهِۦ مِنَ ٱلۡقُرُونِ مَنۡ هُوَ أَشَدُّ مِنۡهُ قُوَّةٗ وَأَكۡثَرُ جَمۡعٗاۚ وَلَا يُسۡـَٔلُ عَن ذُنُوبِهِمُ ٱلۡمُجۡرِمُونَ
ഖാറൂന്‍ പറഞ്ഞു: എന്‍റെ കൈവശമുള്ള വിദ്യകൊണ്ട് മാത്രമാണ് എനിക്കിതു ലഭിച്ചത്‌. എന്നാല്‍ അവന്നു മുമ്പ് അവനേക്കാള്‍ കടുത്ത ശക്തിയുള്ളവരും, കൂടുതല്‍ സംഘബലമുള്ളവരുമായിരുന്ന തലമുറകളെ അല്ലാഹു നശിപ്പിച്ചിട്ടുണ്ടെന്ന് അവന്‍ മനസ്സിലാക്കിയിട്ടില്ലേ? തങ്ങളുടെ പാപങ്ങളെപ്പറ്റി കുറ്റവാളികളോട് അന്വേഷിക്കപ്പെടുന്നതല്ല.(26)
26) കുറ്റവാളികളോട് അവരുടെ കുറ്റകൃത്യങ്ങളെപറ്റി അല്ലാഹുവിന് അന്വേഷിച്ച് മനസ്സിലാക്കേണ്ട ആവശ്യമില്ല. അവര്‍ കുറ്റം ഏറ്റുപറഞ്ഞില്ലെങ്കിലും അവരുടെ പാപത്തിനുള്ള കണിശമായ പ്രതിഫലം അവന്‍ നല്‍കുന്നതാണ്.
Ayah : 79
فَخَرَجَ عَلَىٰ قَوۡمِهِۦ فِي زِينَتِهِۦۖ قَالَ ٱلَّذِينَ يُرِيدُونَ ٱلۡحَيَوٰةَ ٱلدُّنۡيَا يَٰلَيۡتَ لَنَا مِثۡلَ مَآ أُوتِيَ قَٰرُونُ إِنَّهُۥ لَذُو حَظٍّ عَظِيمٖ
അങ്ങനെ അവന്‍ ജനമദ്ധ്യത്തിലേക്ക് ആര്‍ഭാടത്തോടെ ഇറങ്ങി പുറപ്പെട്ടു. ഐഹികജീവിതം ലക്ഷ്യമാക്കുന്നവര്‍ അത് കണ്ടിട്ട് ഇപ്രകാരം പറഞ്ഞു: ഖാറൂന് ലഭിച്ചത് പോലുള്ളത് ഞങ്ങള്‍ക്കുമുണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ. തീര്‍ച്ചയായും അവന്‍ വലിയ ഭാഗ്യമുള്ളവന്‍ തന്നെ!
Ayah : 80
وَقَالَ ٱلَّذِينَ أُوتُواْ ٱلۡعِلۡمَ وَيۡلَكُمۡ ثَوَابُ ٱللَّهِ خَيۡرٞ لِّمَنۡ ءَامَنَ وَعَمِلَ صَٰلِحٗاۚ وَلَا يُلَقَّىٰهَآ إِلَّا ٱلصَّٰبِرُونَ
ജ്ഞാനം നല്‍കപ്പെട്ടിട്ടുള്ളവര്‍ പറഞ്ഞു: നിങ്ങള്‍ക്ക് നാശം! വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ളവര്‍ക്ക് അല്ലാഹുവിന്‍റെ പ്രതിഫലമാണ് കൂടുതല്‍ ഉത്തമം. ക്ഷമാശീലമുള്ളവര്‍ക്കല്ലാതെ അത് നല്‍കപ്പെടുകയില്ല.
Ayah : 81
فَخَسَفۡنَا بِهِۦ وَبِدَارِهِ ٱلۡأَرۡضَ فَمَا كَانَ لَهُۥ مِن فِئَةٖ يَنصُرُونَهُۥ مِن دُونِ ٱللَّهِ وَمَا كَانَ مِنَ ٱلۡمُنتَصِرِينَ
അങ്ങനെ അവനെയും അവന്‍റെ ഭവനത്തേയും നാം ഭൂമിയില്‍ ആഴ്ത്തികളഞ്ഞു. അപ്പോള്‍ അല്ലാഹുവിന് പുറമെ തന്നെ സഹായിക്കുന്ന ഒരു കക്ഷിയും അവന്നുണ്ടായില്ല. അവന്‍ സ്വയം രക്ഷിക്കുന്നവരുടെ കൂട്ടത്തിലുമായില്ല.
Ayah : 82
وَأَصۡبَحَ ٱلَّذِينَ تَمَنَّوۡاْ مَكَانَهُۥ بِٱلۡأَمۡسِ يَقُولُونَ وَيۡكَأَنَّ ٱللَّهَ يَبۡسُطُ ٱلرِّزۡقَ لِمَن يَشَآءُ مِنۡ عِبَادِهِۦ وَيَقۡدِرُۖ لَوۡلَآ أَن مَّنَّ ٱللَّهُ عَلَيۡنَا لَخَسَفَ بِنَاۖ وَيۡكَأَنَّهُۥ لَا يُفۡلِحُ ٱلۡكَٰفِرُونَ
ഇന്നലെ അവന്‍റെ സ്ഥാനം കൊതിച്ചിരുന്നവര്‍ (ഇന്ന്‌) ഇപ്രകാരം പറയുന്നവരായിത്തീര്‍ന്നു: അഹോ! കഷ്ടം! തന്‍റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അല്ലാഹു ഉപജീവനം വിശാലമാക്കികൊടുക്കുകയും, (താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അതു) ഇടുങ്ങിയതാക്കുകയും ചെയ്യുന്നു. ഞങ്ങളോട് അല്ലാഹു ഔദാര്യം കാണിച്ചിരുന്നില്ലെങ്കില്‍ ഞങ്ങളെയും അവന്‍ ആഴ്ത്തിക്കളയുമായിരുന്നു. അഹോ, കഷ്ടം! സത്യനിഷേധികള്‍ വിജയം പ്രാപിക്കുകയില്ല.
Ayah : 83
تِلۡكَ ٱلدَّارُ ٱلۡأٓخِرَةُ نَجۡعَلُهَا لِلَّذِينَ لَا يُرِيدُونَ عُلُوّٗا فِي ٱلۡأَرۡضِ وَلَا فَسَادٗاۚ وَٱلۡعَٰقِبَةُ لِلۡمُتَّقِينَ
ഭൂമിയില്‍ ഔന്നത്യമോ കുഴപ്പമോ ആഗ്രഹിക്കാത്തവര്‍ക്കാകുന്നു ആ പാരത്രിക ഭവനം നാം ഏര്‍പെടുത്തികൊടുക്കുന്നത്‌. അന്ത്യഫലം സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് അനുകൂലമായിരിക്കും.
Ayah : 84
مَن جَآءَ بِٱلۡحَسَنَةِ فَلَهُۥ خَيۡرٞ مِّنۡهَاۖ وَمَن جَآءَ بِٱلسَّيِّئَةِ فَلَا يُجۡزَى ٱلَّذِينَ عَمِلُواْ ٱلسَّيِّـَٔاتِ إِلَّا مَا كَانُواْ يَعۡمَلُونَ
ആര്‍ നന്‍മയും കൊണ്ട് വന്നുവോ അവന്ന് അതിനേക്കാള്‍ ഉത്തമമായതുണ്ടായിരിക്കും. വല്ലവനും തിന്‍മയും കൊണ്ടാണ് വരുന്നതെങ്കില്‍ തിന്‍മ പ്രവര്‍ത്തിച്ചവര്‍ക്ക് തങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്‍റെ ഫലമല്ലാതെ നല്‍കപ്പെടുകയില്ല.

Ayah : 85
إِنَّ ٱلَّذِي فَرَضَ عَلَيۡكَ ٱلۡقُرۡءَانَ لَرَآدُّكَ إِلَىٰ مَعَادٖۚ قُل رَّبِّيٓ أَعۡلَمُ مَن جَآءَ بِٱلۡهُدَىٰ وَمَنۡ هُوَ فِي ضَلَٰلٖ مُّبِينٖ
തീര്‍ച്ചയായും നിനക്ക് ഈ ഖുര്‍ആന്‍ നിയമമായി നല്‍കിയവന്‍ തിരിച്ചെത്തേണ്ട സ്ഥാനത്തേക്ക് നിന്നെ തിരിച്ചു കൊണ്ടു വരിക തന്നെ ചെയ്യും.(27) പറയുക: സന്‍മാര്‍ഗവും കൊണ്ട് വന്നതാരെന്നും, സ്പഷ്ടമായ ദുര്‍മാര്‍ഗത്തിലകപ്പെട്ടത് ആരെന്നും എന്‍റെ രക്ഷിതാവ് നല്ലവണ്ണം അറിയുന്നവനാണ്‌.
27) നബി(ﷺ)യെ അല്ലാഹു മക്കയില്‍ ജേതാവായി തിരിച്ചുകൊണ്ടുവരുമെന്ന വാഗ്ദാനമാണ് ഈ വചനത്തിലുള്ളതെന്നാണ് ചില വ്യാഖ്യാതാക്കളുടെ അഭിപ്രായം. പരലോകത്ത് മഹത്തായ പദവിയില്‍ അല്ലാഹു നബിയെ (ﷺ) എത്തിക്കുമെന്നാണ് ഈ വചനത്തിന്റെ സൂചനയെന്ന അഭിപ്രായക്കാരുമുണ്ട്.
Ayah : 86
وَمَا كُنتَ تَرۡجُوٓاْ أَن يُلۡقَىٰٓ إِلَيۡكَ ٱلۡكِتَٰبُ إِلَّا رَحۡمَةٗ مِّن رَّبِّكَۖ فَلَا تَكُونَنَّ ظَهِيرٗا لِّلۡكَٰفِرِينَ
നിനക്ക് വേദഗ്രന്ഥം നല്‍കപ്പെടണമെന്ന് നീ ആഗ്രഹിച്ചിരുന്നില്ല. പക്ഷെ നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള കാരുണ്യത്താല്‍ (അതു ലഭിച്ചു.) ആകയാല്‍ നീ സത്യനിഷേധികള്‍ക്കു സഹായിയായിരിക്കരുത്‌.
Ayah : 87
وَلَا يَصُدُّنَّكَ عَنۡ ءَايَٰتِ ٱللَّهِ بَعۡدَ إِذۡ أُنزِلَتۡ إِلَيۡكَۖ وَٱدۡعُ إِلَىٰ رَبِّكَۖ وَلَا تَكُونَنَّ مِنَ ٱلۡمُشۡرِكِينَ
അല്ലാഹുവിന്‍റെ വചനങ്ങള്‍ നിനക്ക് അവതരിപ്പിക്കപ്പെട്ടതിന് ശേഷം അവര്‍ നിന്നെ അതില്‍ നിന്ന് തടയാതിരിക്കട്ടെ.(28) നിന്‍റെ രക്ഷിതാവിങ്കലേക്ക് നീ ക്ഷണിക്കുക. നീ ബഹുദൈവവിശ്വാസികളുടെ കൂട്ടത്തിലായിപ്പോകരുത്‌.
28) അല്ലാഹുവിന്റെ വചനങ്ങള്‍ പ്രബോധനം ചെയ്യുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ അവരെല്ലാം കൂടി ശ്രമിച്ചാലും നീ പിന്തിരിയരുത് എന്നര്‍ത്ഥം.
Ayah : 88
وَلَا تَدۡعُ مَعَ ٱللَّهِ إِلَٰهًا ءَاخَرَۘ لَآ إِلَٰهَ إِلَّا هُوَۚ كُلُّ شَيۡءٍ هَالِكٌ إِلَّا وَجۡهَهُۥۚ لَهُ ٱلۡحُكۡمُ وَإِلَيۡهِ تُرۡجَعُونَ
അല്ലാഹുവോടൊപ്പം വേറെ യാതൊരു ആരാധ്യനെയും നീ വിളിച്ചുപ്രാര്‍ത്ഥിക്കുകയുമരുത്‌. അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അവന്‍റെ തിരുമുഖം ഒഴികെ എല്ലാ വസ്തുക്കളും നാശമടയുന്നതാണ്‌. അവന്നുള്ളതാണ് വിധികര്‍ത്തൃത്വം. അവങ്കലേക്ക് തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും.
Pengiriman sukses